പാലക്കാട് ബസ് സ്റ്റാൻഡിലെ മരണം കൊലപാതകം…. വയോധികനെ കൊന്നത് കല്ലുകൊണ്ട് തലയ്ക്കടിച്ച്… പ്രതിയുടെ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. സ്റ്റാൻഡിനുള്ളിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപമാണ് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തിയത്.
തലയ്ക്ക് കല്ലുകൊണ്ട് ഗുരുതരമായി അടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട വലിയൊരു കല്ലും പോലീസ് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം പോലീസിന് ലഭിച്ചു. ഈ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി.
മരിച്ച വയോധികനൊപ്പം സ്റ്റാൻഡ് പരിസരത്ത് സ്ഥിരമായി കാണാറുള്ള ഒരു സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സിന് മുകളിൽ പ്രായമുള്ള ഇയാൾ സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നു.



