കസ്റ്റഡി മർദനക്കേസ്: 3 ഐഎഫ്എസ് ഉദ്യോഗസ്ഥരെ

തിരുവനന്തപുരം: വനം വകുപ്പിലെ ഉന്നതരെ പ്രതികളാക്കിയ കസ്റ്റഡി മർദനക്കേസിൽ നിർണായക ഉത്തരവുമായി കോടതി. മൂന്ന് മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ തിരുവനന്തപുരം സിജിഎം കോടതി അനുമതി നൽകി.പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഫീൽഡ് ഡയറക്ടർ ടി. ഉമ, ഈസ്റ്റേൺ സർക്കിൾ മേധാവി ആർ. കമലഹാർ, നോർത്ത് സെൻട്രൽ സർക്കിൾ സിസിഎഫ് വിജയാനന്ദ് എന്നിവർക്കെതിരെയാണ് നടപടി.2015ൽ രജിസ്റ്റർ ചെയ്ത മലയാറ്റൂർ ആനവേട്ട കേസിലെ പ്രതികളെ മർദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്. ആനവേട്ടക്കേസിലെ 26-ാം പ്രതിയായ അജി ബ്രൈറ്റിനെ തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്ത് വെച്ച് മർദിച്ചെന്നാണ് ആരോപണം. 2015 ജൂലൈയിലായിരുന്നു സംഭവം.മർദനത്തിൽ അജി ബ്രൈറ്റിന്റെ വാരിയെല്ലുകൾക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.കേസ് അട്ടിമറിക്കാൻ ഉന്നതർ ഇടപെട്ടെന്ന പരാതിയെ തുടർന്ന് ഹൈക്കോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ചിൽ രൂപീകരിച്ചിരുന്നു. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും പിന്നീട് സർക്കാർ ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.ഇതിനെ തുടർന്നാണ് വീണ്ടും തിരുവനന്തപുരം സിജിഎം കോടതിയെ സമീപിച്ചത്. ഇതിലാണ് ഇപ്പോൾ മൂന്ന് മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ കോടതി അനുമതി നൽകിയത്.മലയാറ്റൂരിൽ നിന്ന് കടത്തുന്ന ആനക്കൊമ്പുകൾ തിരുവനന്തപുരത്ത് എത്തിച്ച് വിവിധർക്ക് കൈമാറുന്ന ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് അജി ബ്രൈറ്റിനെതിരായ കേസ്.



