സിആർപിഎഫിൽ 9195 കോൺസ്റ്റബിൾ ഒഴിവുകൾ; മേയ് 19 വരെ അപേക്ഷിക്കാം

കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) 9195 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുള്ള തസ്തികകൾ: കോൺസ്റ്റബിൾ (ടെക്നിക്കൽ & ട്രേഡ്സ്മാൻ), കോൺസ്റ്റബിൾ (പയനിയർ) വിഭാഗങ്ങളിലായി ഡ്രൈവർ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, മോച്ചി, തച്ചൻ, തയ്യൽക്കാരൻ, ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ്, ബ്യൂഗ്ലർ, പെയിന്റർ, മാലി, പാചകക്കാരൻ/വാട്ടർ കാരിയർ, ബാർബർ, വാഷർമാൻ, സഫായ് കർമചാരി, മേസൺ, ഇലക്ട്രീഷ്യൻ. ടെക്നിക്കൽ & ട്രേഡ്സ്മാൻ: 9,175 (പുരുഷന്മാർ- 9,096, സ്ത്രീകൾ- 79), പയനിയർ വിങ് (പുരുഷന്മാർ മാത്രം): 20.
തെരഞ്ഞെടുക്കപ്പെടുന്നവർ ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം. ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം. എന്നാൽ ടെക്നിക്കൽ & ട്രേഡ്സ്മാൻ തസ്തികകളിലേക്ക് അതത് സംസ്ഥാനങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആ സംസ്ഥാനത്തെ സ്ഥിരതാമസ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പയനിയർ തസ്തികകളിലേക്ക് അഖിലേന്ത്യാ അടിസ്ഥാനത്തിൽ ആർക്കും അപേക്ഷിക്കാം.
യോഗ്യത: ഡ്രൈവർ: പത്താം ക്ലാസ് വിജയവും ഹെവി ട്രാൻസ്പോർട്ട് വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും. മെക്കാനിക് മോട്ടോർ വെഹിക്കിൾ: പത്താം ക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. മറ്റ് ട്രേഡ്സ്മാൻ തസ്തികകൾ: പത്താംക്ലാസ് വിജയവും അതത് ട്രേഡിൽ വൈദഗ്ധ്യവും. പയനിയർ (മേസൺ/ഇലക്ട്രീഷ്യൻ): പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി (01/01/2026 പ്രകാരം): ഡ്രൈവർ: 21 27 വയസ് (02/01/1999 നും 01/01/2005 നും ഇടയിൽ ജനിച്ചവർ). മറ്റ് തസ്തികകൾ: 18- 23 വയസ് (02/01/2003 നും 01/01/2008 നും ഇടയിൽ ജനിച്ചവർ). നിയമപരമായ വയസ്സിളവ് ലഭിക്കും. അപേക്ഷാഫീസ്: 100 രൂപ. സ്ത്രീകൾ, എസ്സി, എസ്ടി, വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ് രീതി: ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ട്രേഡ് ടെസ്റ്റ്, രേഖാപരിശോധന, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിലെ പരീക്ഷാകേന്ദ്രം തിരുവനന്തപുരത്തെ പള്ളിപ്പുറം സിആർപിഎഫ് ഗ്രൂപ്പ് സെന്ററാണ്. ഓൺലൈനായി മേയ് 19 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.rect.crpf.gov.in.



