ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി…. രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: പട്ടർനടക്കാവ് നമ്പ്യായാകുന്നിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടുപേരെ കൽപകഞ്ചേരി പൊലീസ് പിടികൂടി. മൂന്നിയൂർ തലപ്പാറ സ്വദേശി സുലൈമാൻ (42), എടയൂർ തിണ്ടലം സ്വദേശി മുഹമ്മദ് ഹനീഫ (42) എന്നിവരാണ് പിടിയിലായത്.
98 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 74,625 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നമ്പ്യായാകുന്നിലുള്ള ഒരു ആക്രിക്കടയിൽ നിന്ന് ഇവ കണ്ടെത്തിയത്. വിപണിയിൽ വൻ വിലമതിക്കുന്ന ഈ ഉൽപ്പന്നങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളിൽ മൊത്തമായും ചില്ലറയായും വിൽപന നടത്താനായി സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കിടയിൽ ഇവ വ്യാപകമായി വിറ്റഴിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ് അന്വേഷണം കർശനമാക്കിയിരിക്കുന്നത്.
പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം അടിയന്തരമായി കോടതിയിൽ ഹാജരാക്കി. ഈ ലഹരി ശൃംഖലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന കൂടുതൽ പേരെക്കുറിച്ചും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണോ ഇവ കേരളത്തിലേക്ക് എത്തിച്ചതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കല്പകഞ്ചേരി സിഐ സി. കെ രാജേഷ്, എസ്.ഐ സി. കെ രാഘവന്, എഎസ്ഐമാരായ ഒ. ദീപക്, സി. ടി ശ്രീരാമചന്ദ്രന്, സിപിഒ എസ് പ്രവീണ്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.




