ബസിന് വേഗത പോരെന്ന് പരാതി… കെഎസ്ആർടിസി ബസിന്റെ….

കോഴിക്കോട്: കെഎസ്ആർടിസി ബസിന് വേഗത പോരെന്ന് ആരോപിച്ച് ഡ്രൈവറെ മർദ്ദിക്കുകയും ബസിന്റെ ചില്ലുകളും ഹെഡ്ലൈറ്റും അടിച്ചുതകർക്കുകയും ചെയ്ത് യാത്രക്കാരൻ. താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിൽ തിങ്കളാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സംഭവം. തൃശ്ശൂരിൽ നിന്ന് മൈസൂരുവിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായ പുൽപ്പള്ളി പാടിച്ചിറ പുളിക്കൽകുന്നേൽ ഷൈജൽ (36) ആണ് അതിക്രമം കാട്ടിയത്.
അക്രമത്തിൽ ബസിന്റെ മുൻഭാഗത്തെയും വലതുവശത്തെയും ചില്ലുകളും ഹെഡ്ലൈറ്റും തകർന്നു. ബസിലെയും സമീപത്തെ മറ്റ് വാഹനങ്ങളിലെയും യാത്രക്കാർ ചേർന്നാണ് ഷൈജലിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയത്. കയ്യാങ്കളിക്കിടെ തൃശ്ശൂർ സ്വദേശിയായ ബസ് ഡ്രൈവർക്കും ഷൈജലിനും പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ഷൈജൽ പൊലീസ് കസ്റ്റഡിയിലാണ്. ബസ് ഡ്രൈവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ കയറ്റിവിട്ടു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




