മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴില്‍ മരണവീട്ടിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരിക്ക്. കഴിഞ്ഞ ദിവസം മരിച്ച ചിറയിന്‍കീഴ് സ്വദേശി വിനോദിന്റെ വീട്ടിലാണ് കയ്യാങ്കളിയുണ്ടായത്. വിനോദിന്റെ ഭാര്യയുടെ ബന്ധുക്കള്‍ വിനോദിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഇരുവിഭാഗവും പൊലീസില്‍ പരാതി നല്കി.
ഇക്കഴിഞ്ഞ 23-ന് മരണപ്പെട്ട വിനോദിന്റെ വീട്ടില്‍ നിന്ന് ഭാര്യയുടെ ബന്ധുവായ കുട്ടന് രണ്ടര ലക്ഷം രൂപയും, എടിഎമ്മും, ഒരു ആത്മഹത്യാക്കുറിപ്പും എടുത്തുകൊണ്ടുപോയെന്നാണ് വിനോദിന്റെ കുടുംബത്തിന്റെ പ്രധാന പരാതി. ഈ പണവും എഡിഎം കാര്‍ഡും കത്തും തിരിച്ച് ചോദിച്ചതുമായി ബന്ധപ്പെട്ട് വിനോദിന്റെ കുടുംബവും മറുഭാഗവും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. പുറത്തുനിന്ന് പന്ത്രണ്ടോളം പേര് വീട്ടിനുള്ളിലെത്തി പ്രശ്നമുണ്ടാക്കുകയും ഇത് പിന്നീട് വലിയ കയ്യാങ്കളിയിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.




