‘രണ്ടുമണിക്കൂർ കഴിഞ്ഞ് വരാം’… കരുവാറ്റ വയോധിക കൊലയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഹരിപ്പാട്: കരുവാറ്റയിൽ 67കാരനെ കൊലപ്പെടുത്തി മോഷണം നടത്താൻ കൗമാരക്കാരായ മൂന്നുപേർ ആസൂത്രണം ചെയ്ത സമയം രണ്ടുമണിക്കൂറെന്ന് പൊലീസ്. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടിച്ചെട്ടിയാർ (67) ആണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടുതൽ നിർണായക വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിൽ പുറത്തുവരുന്നത്. കൊലപാതകത്തിന് മുമ്പ് മൂന്നുപേരും ഹരിപ്പാട്ടെത്തിയതായാണ് വിവരം.

രാത്രി എട്ടരയോടെ ഹരിപ്പാട് കെ.എസ്.ആർ.ടി.സി.യിൽനിന്ന് കരുവാറ്റ കന്നുകാലിപ്പാലം ജങ്ഷനിലേക്ക് പോകാൻ ഇവർ കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശി രാജീവ് ദാമോദരന്റെ ഓട്ടോറിക്ഷ വിളിച്ചു. 250 രൂപയ്ക്ക് യാത്ര ഉറപ്പിച്ചായിരുന്നു ഓട്ടോറിക്ഷയിൽ കയറിയത്. യാത്രയ്ക്കിടെ മൂവരും കാര്യമായി സംസാരിച്ചില്ല. കന്നുകാലിപ്പാലം ജങ്ഷനിലെത്തിയപ്പോൾ എവിടെയാണ് ഇറങ്ങേണ്ടതെന്ന് ഡ്രൈവർ ചോദിച്ചപ്പോൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം നിർത്താൻ ആവശ്യപ്പെട്ടു. എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന സുഹൃത്തിന്റെ വീട്ടിലേക്കാണെന്നായിരുന്നു മറുപടി. രണ്ടുമണിക്കൂർ കഴിഞ്ഞ് മടങ്ങിവരാമെന്നും അപ്പോൾ വിളിച്ചാൽ ഹരിപ്പാട്ടേക്ക് തിരിച്ചെത്തിക്കാമോയെന്നും സംഘം ഓട്ടോ ഡ്രൈവറോട് ചോദിച്ചു.

രാത്രി വൈകിയുള്ള ഓട്ടത്തിന് താൽപര്യമില്ലെന്ന് രാജീവ് പറഞ്ഞതോടെ വിളിച്ചാൽ മറ്റാരെയെങ്കിലും ഏർപ്പാടാക്കാമെന്ന് അദ്ദേഹം അറിയിച്ചു. രാജീവിന്റെ ഫോൺനമ്പർ സംഘം വാങ്ങിയെങ്കിലും പിന്നീട് വിളിച്ചില്ല. യാത്രയ്ക്ക് 500 രൂപ നൽകിയ സംഘം 200 രൂപ തിരികെ വാങ്ങി. ബാക്കി 50 രൂപ ഗൂഗിൾ പേ ചെയ്യാമെന്ന് രാജീവ് പറഞ്ഞപ്പോൾ പരിചയക്കാരന്റെ നമ്പറിൽ മതിയെന്ന് സംഘം അറിയിക്കുകയായിരുന്നു.

പൊലീസ് പറയുന്നതനുസരിച്ച്, രണ്ടുമണിക്കൂർ സമയം കണക്കാക്കിയാണ് സംഘം വയോധികന്റെ വീട്ടിലെത്തിയത്. എന്നാൽ കൊലപാതകവും മോഷണവും നടത്തി പുറത്തിറങ്ങിയത് മൂന്നര മണിക്കൂറിന് ശേഷമാണ്. രാത്രി ഒൻപതരയോടെ വീട്ടിലെത്തിയ സംഘം പുലർച്ചെ ഒന്നോടെയാണ് പുറത്തേക്ക് പോയത്. വീട്ടിൽനിന്ന് ദേശീയപാതയിലേക്ക് ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ട്. ഇവർ നടന്നാണ് ദേശീയപാതയിലെത്തിയത്. തുടർന്ന് ബസിൽ ഹരിപ്പാട്ടേക്ക് മടങ്ങിയെന്നാണ് പൊലീസ് കണ്ടെത്തിയത്. മൂവരും സ്ഥലപരിചയമുള്ളവരാണെന്ന നിഗമനത്തിലാണ് പൊലീസ്. കന്നുകാലിപ്പാലം ജങ്ഷനിൽ കൃത്യമായി എവിടെ ഇറങ്ങണമെന്ന് അറിയാമായിരുന്നതും അന്വേഷണത്തിൽ നിർണായകമായി. കൊലപാതകത്തിന് പിന്നാലെ ലഭിച്ച വാട്സാപ്പ് സന്ദേശവും അന്വേഷണത്തിൽ നിർണായകമായി. വയോധികനെ കൊലപ്പെടുത്താൻ ആരോപണവിധേയയായ പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത രണ്ട് സുഹൃത്തുക്കൾക്ക് വിവരം അറിയാമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരിൽ ഒരാൾക്ക് പെൺകുട്ടി വാട്സാപ്പിൽ ശബ്ദസന്ദേശം അയച്ചിരുന്നു. ‘അയാളെ തീർത്തു, ആ ശല്യം ഇനിയില്ല’ എന്നായിരുന്നു സന്ദേശമെന്നാണ് പൊലീസ് പറയുന്നത്. മറ്റൊരു സുഹൃത്തിനോടും പെൺകുട്ടി ഇക്കാര്യം നേരിട്ട് പറഞ്ഞതായി അന്വേഷണത്തിൽ വ്യക്തമായി.

പ്രതികളെക്കുറിച്ചുള്ള സൂചനകൾ ഉൾപ്പെടെ പൊലീസിനോട് നിർണായക വിവരങ്ങൾ കൈമാറിയത് ഈ സുഹൃത്തുക്കളിൽ ഒരാളാണ്. വയോധികനെ കൊല്ലണമെന്നാവശ്യപ്പെട്ട് പെൺകുട്ടി കൊല്ലം പരവൂർ സ്വദേശികളോട് സംസാരിച്ചിരുന്നതായും ഇയാളിൽനിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. എന്നാൽ പെൺകുട്ടി ഇത് ഗൗരവമായി പറഞ്ഞതല്ലെന്നായിരുന്നു സുഹൃത്ത് ആദ്യം കരുതിയത്. ഞായറാഴ്ച രാവിലെയാണ് ‘അയാളെ തീർത്തു’ എന്ന ശബ്ദസന്ദേശം ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ട് പൊലീസ് വീട്ടിലെത്തി അന്വേഷിച്ചതോടെ തനിക്ക് അറിയാവുന്ന വിവരങ്ങളെല്ലാം ഇയാൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഈ കുട്ടിയെ കേസിൽ സാക്ഷിയാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കൊലപാതകം നടന്ന ശനിയാഴ്ച രാത്രി പെൺകുട്ടി കരുവാറ്റയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

Related Articles

Back to top button