ആരോഗ്യനില വഷളായി; കാലടിയിൽ പുഴയിൽ വീണ് അവശയായ കോളജ് വിദ്യാർത്ഥിനി..

കാലടിയിൽ പുഴക്കരയിൽ അവശനിലയിൽ കണ്ടെത്തിയ കോളജ് വിദ്യാർത്ഥിനി മരിച്ചു. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി കോടനാട് സ്വദേശിനിയായ അഞ്ജന ബിജു (21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ചെങ്ങൽ പാലത്തിന് താഴെയാണ് പെൺകുട്ടിയെ അവശനിലയിൽ പ്രദേശവാസികൾ കണ്ടത്.

തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് അഞ്ജനയെ പുഴയിൽ കണ്ടെത്തുന്നത് എന്ന് പൊലീസ് പറയുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിലെ വിദ്യാർഥിനിയാണ് അഞ്ജന. പുഴയിൽ വീണ് അവശയായ നിലയിൽ കണ്ടെത്തിയ അഞ്ജനയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാവിലെ 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ ശ്രീകാര്യം കരിയത്ത് നിർമ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ കിണറ്റിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി ഭാസ്‌കരപിള്ള (68) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒന്നര വർഷമായി ഈ നിർമ്മാണ സൈറ്റിലെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

തിങ്കളാഴ്ച രാവിലെ സമീപത്തെ മറ്റൊരു വീടിന്റെ നിർമ്മാണത്തിനെത്തിയ തൊഴിലാളികളാണ് കിണറ്റിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സാധാരണയായി ആഴ്ചയിലൊരിക്കൽ മാത്രം വീട്ടിൽ പോകാറുള്ള ഭാസ്‌കരപിള്ളയെ കഴിഞ്ഞ മൂന്ന് ദിവസമായി ഫോണിൽ കിട്ടാതിരുന്നിട്ടും ബന്ധുക്കൾക്ക് അസ്വാഭാവികത തോന്നിയിരുന്നില്ല. ഭാസ്‌കരപിള്ള കിണറ്റിൽ വീണത് എങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ശ്രീകാര്യം പോലീസ് കേസെടുത്തു.

Related Articles

Back to top button