കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ?…

കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. അത്തരമൊരു സാഹചര്യമുണ്ടായാൽ മൂവാറ്റുപുഴ പരിഗണിക്കും. സർക്കാർ ഒരു ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്നും കമ്മീഷന്റെ പരിധിയിൽ മൂവാറ്റുപുഴ ജില്ലയും വരുമെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎയാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. മൂവാറ്റുപുഴക്കാർക്ക് ഒരു ഓണസമ്മാനമായി പുതിയ ജില്ലാ രൂപീകരണം പ്രഖ്യാപിക്കണമെന്നായിരുന്നു എംഎൽഎയുടെ ആവശ്യം. വികസന കാര്യങ്ങളിൽ എറണാകുളം, കൊച്ചി മേഖലകളിലേക്ക് കൂടുതൽ ഫണ്ടുകൾ പോകുന്നതിനാൽ മൂവാറ്റുപുഴ, കോതമംഗലം തുടങ്ങിയ മലയോര മേഖലകൾ പിന്നാക്കം പോകുന്നുവെന്ന പരാതി ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്.



