ആലപ്പുഴയിൽ ക്ഷേത്രത്തിനുള്ളിൽ മുണ്ട് പരസ്യ റീൽ… യുവാവിനെതിരെ…

ആലപ്പുഴ: ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ മുണ്ടിന്റെ പരസ്യത്തിനായി റീൽ ചിത്രീകരിച്ച സംഭവത്തിൽ ദേവസ്വം അധികൃതർ പൊലീസിൽ പരാതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ദേവസ്വം അധികൃതരുടെ അനുമതിയില്ലാതെയാണ് യുവാവ് റീൽ ചിത്രീകരിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ക്ഷേത്രം അടച്ചിരുന്ന സമയത്ത് അനധികൃതമായി ക്ഷേത്ര ചുറ്റുമതിലിനുള്ളിൽ പ്രവേശിച്ച ശേഷമാണ് ചിത്രീകരണം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തിൽ ചെങ്ങന്നൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ അഖിൽ ജി. കുമാർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. ക്ഷേത്രമതിൽക്കെട്ടിനകത്ത് അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനും ക്ഷേത്രത്തിന്റെ പരമ്പരാഗത ആചാരങ്ങൾക്കും വിശുദ്ധിക്കും ഭംഗം വരുത്തിയതിനുമെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളുടെ വിശുദ്ധിയും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും അനുമതിയില്ലാതെ ചിത്രീകരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.



