ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല…

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല. ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ബത്തേരി കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിച്ചതോടെ ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എക്സൈസിന്റെ നീക്കം.

വിശദമായ ചോദ്യം ചെയ്യലിലൂടെ അളവിൽ കവിഞ്ഞ മദ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ വാദിച്ചിരുന്നു. വീട് തന്റെ പേരിലല്ലെന്നും കേസിൽപ്പെട്ട് കിടക്കുന്നതാണെന്നും കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ ഏറ്റവും ഒടുവിൽ നികുതി അടച്ചത് ആന്റോ അഗസ്റ്റിന്റെ പേരിലാണെന്നും അതിനാൽ വീട് ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.

ആന്റോ അഗസ്റ്റിന്റെ വീട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റർ മദ്യം പിടിച്ചെടുത്തിരുന്നു. പിടികൂടിയ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്നും എക്സൈസ് കോടതിയെ അറിയിച്ചു. എന്നാൽ പിടിച്ചെടുത്തത് വ്യാജമദ്യമല്ലെന്നും ഹോം മെയ്ഡ് വൈനാണെന്നുമാണ് ആന്റോ അഗസ്റ്റിന്റെ വാദം. ശാസ്ത്രീയ പരിശോധന നടത്താതെ മദ്യം വ്യാജമാണെന്ന് പറയുന്നത് തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യാപേക്ഷയിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button