കാപ്പാ കേസ്: ബി.ജെ.പി കൗൺസിലർ സുഗതനെ വിയ്യൂർ ജയിലിലേക്ക് മാറ്റി…. വധശ്രമക്കേസിൽ ഉടൻ കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ സുഗതനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാപ്പ കേസ് പ്രതിയായതിനാലാണ് കനത്ത സുരക്ഷയോടെയുള്ള ഈ അടിയന്തര നടപടി. ചരിത്രത്തിലാദ്യമായാണ് കാപ്പ നിയമപ്രകാരം ഒരു നഗരസഭാ കൗൺസിലർ ജയിലിലാകുന്നത്. പ്രതിയെ വധശ്രമക്കേസിൽ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പോലീസ് ഉടൻ കസ്റ്റഡിയിൽ വാങ്ങും.
കഴിഞ്ഞ ദിവസമാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പോലീസ് സുഗതനെ അറസ്റ്റ് ചെയ്തത്. ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവ് നടപ്പാക്കാനായി വാഴോട്ടുകോണത്തെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സുഗതനും സഹോദരനും ചേർന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വട്ടിയൂർക്കാവ് സി.ഐ വിപിൻ, എസ്.ഐ അഭിജിത് എന്നിവരെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയമാക്കും. പോലീസുകാരെ പ്രതികൾ മർദ്ദിക്കുകയും തള്ളിത്താഴെ ഇടുകയുമുണ്ടായി.
അറസ്റ്റ് തടയാനായി ബി.ജെ.പി പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി പോലീസിനെ വളഞ്ഞതോടെ, സി.ഐ ആകാശത്തേക്ക് നിറയൊഴിച്ചാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്. പോലീസിനെ ആക്രമിച്ചതിന് സുഗതനെതിരെ മറ്റൊരു പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാപ്പാ കേസിൽ അറസ്റ്റിലായ ബി.ജെ.പി കൗൺസിലർ സുഗതൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം ശക്തമാണ്. “രാജിവെക്കൂ, പുറത്തുപോകൂ” എന്ന മുദ്രാവാക്യങ്ങളുമായി കൗൺസിലർമാർ നഗരസഭയ്ക്ക് മുന്നിൽ രംഗത്തുണ്ട്.



