ശബരിമല സ്വർണക്കൊള്ളക്കേസ്… എ. പത്മകുമാറിനെതിരെ നടപടിക്ക് സി.പി.ഐ.എം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും പാർട്ടി നേതാവുമായ എ. പത്മകുമാറിനെതിരെ കർശന നടപടിയെടുക്കാൻ സി.പി.ഐ.എം ഒരുങ്ങുന്നു. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈ മാസം 15-ന് യോഗം ചേരും.
ഇതുവരെ പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു നേതൃത്വത്തിന്റെ നിർദേശം. എന്നാൽ കേസിന്റെ ഗൗരവവും പൊതുസമൂഹത്തിലെ ചർച്ചകളും കണക്കിലെടുത്ത് കടുത്ത അച്ചടക്ക നടപടിയിലേക്ക് നീങ്ങാനാണ് പാർട്ടി തീരുമാനം. കഴിഞ്ഞ ആഴ്ച മാത്രമാണ് പത്മകുമാർ തന്റെ പാർട്ടി അംഗത്വം പുതുക്കിയത് എന്നതും ശ്രദ്ധേയമാണ്. പാർട്ടി ഔദ്യോഗികമായി നടപടി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഇത് പാർട്ടിക്കുള്ളിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി പത്മകുമാറിന് നോട്ടീസ് അയച്ച് വിശദീകരണം തേടിയിരുന്നു. എന്നാൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു പത്മകുമാറിന്റെ മറുപടി. കേസിൽ അറസ്റ്റിലായി 105 ദിവസത്തിന് ശേഷമാണ് പത്മകുമാറിന് പുറത്തിറങ്ങാൻ കഴിഞ്ഞത്. ശബരിമല കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്‍പ്പ കേസ് എന്നിവയിൽ കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം പുറത്തിറങ്ങിയത്.



