ഗുരുവായൂർ ദേവസ്വം ഓഡിറ്റിൽ ഗുരുതര വീഴ്ചകൾ… ഡിജിറ്റൽ പണമിടപാടുകളിൽ……

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഓൺലൈൻ വഴിപാടുകൾ, ഡിജിറ്റൽ പണമിടപാടുകൾ, വിലപിടിപ്പുള്ള വഴിപാടുകളുടെ കണക്കെടുപ്പ് എന്നിവയിൽ നിലവിലെ സംവിധാനങ്ങൾ സുതാര്യമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഓഡിറ്റിന് ആവശ്യമായ വിവരങ്ങൾ പോലും കൃത്യമായി ലഭിച്ചില്ലെന്ന് കോടതി വിമർശിച്ചു. വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ 43 വർഷമായി നടന്നിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. വഴിപാടായി ലഭിക്കുന്ന സ്വർണം, വെള്ളി പാത്രങ്ങൾ, കുങ്കുമം തുടങ്ങിയവയുടെ കണക്കുകൾ കൃത്യമായ രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റിൽ കണ്ടെത്തിയതായി കോടതി വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വത്തിന്റെ ഭരണ-സാമ്പത്തിക സംവിധാനങ്ങളെ സമഗ്രമായി വിലയിരുത്താൻ വിദഗ്ധ സ്ഥാപനങ്ങളുടെ സേവനം തേടണമെന്നും ഹൈക്കോടതി നിർദേശിച്ചു. അതേസമയം, ഓഡിറ്റിൽ ചൂണ്ടിക്കാട്ടിയ പോരായ്മകളും നിലവിലെ സ്ഥിതിഗതികളും വിശദീകരിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഗുരുവായൂർ ദേവസ്വം ഓഡിറ്റിന്റെ ചുമതലയുള്ള സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ദേവസ്വത്തിന്റെ വരുമാനവും വഴിപാടുകളും വിലപിടിപ്പുള്ള വസ്തുക്കളും കൈകാര്യം ചെയ്യുന്ന സംവിധാനത്തിൽ കൂടുതൽ സുതാര്യതയും കൃത്യമായ രേഖസംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് കോടതി ചൂണ്ടിക്കാട്ടിയത്.



