ഹരിപ്പാടിൽ പാർക്കിങ് സ്ഥലത്തിന്റെ പേരിൽ ശീതളപാനീയ കട…..

ആലപ്പുഴ: ഹരിപ്പാട് പാര്‍ക്കിങ് സ്ഥലത്തിന്റെ പേരില്‍ ശീതളപാനീയ കട ഇടിച്ചു പൊളിച്ചു നശിപ്പിച്ചു. ഹരിപ്പാട് ശ്രീവത്സം സില്‍ക്ക്‌സ് ഉടമയുടെ നേതൃത്വത്തിലാണ് ഹരിപ്പാട് സ്വദേശി അശോകന്റെ ഒറ്റമുറി കട ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. ഹരിപ്പാട് നഗരമധ്യത്തില്‍ അശോകന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തെ ശീതളപാനീയ കടയാണ് ഒറ്റ രാത്രി കൊണ്ട് ഇടിച്ചു നിരത്തിയത്. ശ്രീവത്സം സില്‍ക്സിനു മുന്നിലെ ഒറ്റമുറി കട ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏറെ നാളുകളായി ഭീഷണി ഉണ്ടായിരുന്നു. തയാറാവാതെ വന്നതോടെയാണ് ഇടിച്ചു നിരത്തല്‍.

ആഭ്യന്തര മന്ത്രിയുടെ സ്വന്തം നാട്ടില്‍ നടന്ന സംഭവം പൊലീസോ നഗരസഭയോ അറിഞ്ഞില്ല. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ശ്രീവത്സം ഗ്രൂപ്പിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു. അത് വരെ ഒരു അനുനയത്തിനും തയാറാവാതിരുന്ന ശ്രീവത്സം പ്രതിനിധികള്‍ പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ചക്ക് എത്തി. ഇടിച്ചു നിരത്തിയ ശ്രീവത്സം ഗ്രൂപ്പ് തന്നെ അശോകന് പുതിയ കട പണിതു നല്‍കും. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അശോകനൊപ്പം നിന്നു. ഇതോടെ, രണ്ടു മണിക്കൂറില്‍ പ്രശ്നം പരിഹരിച്ചു. പുതിയ കട പണിത് നല്‍കുന്നത് വരെയുള്ള തത്കാലിക ഷെഡും ശ്രീവത്സം ഗ്രൂപ്പ് നിര്‍മിച്ചു നല്‍കും. ഇനി യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്നും സ്ഥാപന പ്രതിനിധികള്‍ എഴുതി ഒപ്പിട്ടു നല്‍കി. ശ്രീവത്സം ഗ്രൂപ്പിന് വേണ്ടി കെട്ടിടം ഇടിച്ചുപൊളിച്ച ഷാഹുല്‍ ഹമീദ് എന്ന ചെറായി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Back to top button