സംസ്ഥാനത്ത് ഷിഗെല്ല ഭീതി…. വയനാടിന് പിന്നാലെ കൊല്ലത്തും രോഗം സ്ഥിരീകരിച്ചു

കൊല്ലം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. വയനാടിന് പിന്നാലെ കൊല്ലം ജില്ലയിലും രോഗബാധ കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കൊല്ലത്ത് രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്കാണ് അവിടെ രോഗം പടർന്നത്. നിലവിൽ വയനാട്ടിൽ രോഗലക്ഷണങ്ങളുമായി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആയി ഉയർന്നിട്ടുണ്ട്. മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് ഷിഗെല്ലയ്ക്ക് കാരണമാകുന്നത്.
പ്രധാന ലക്ഷണങ്ങൾ….
- കഠിനമായ വയറിളക്കം
- ശക്തമായ വയറുവേദന
- വിട്ടുമാറാത്ത ഛർദി
- കഠിനമായ പനി (പനി കൂടുന്നത് രോഗം മൂർച്ഛിക്കാൻ ഇടയാക്കും)
ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ….
- ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന വഴി. കുടിവെള്ള സ്രോതസ്സുകൾ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം.
- പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ഭക്ഷണം എപ്പോഴും മൂടിവെയ്ക്കുക. പലതവണ ചൂടാക്കി കഴിക്കുന്ന രീതി ഉപേക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
- കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
- രോഗിയുമായി നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കണം. വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കരുത്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ഒ.ആർ.എസ്. (ORS) ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ധാരാളമായി കുടിക്കാൻ ശ്രദ്ധിക്കണം. സ്വയംചികിത്സ ഒഴിവാക്കി എത്രയും വേഗം ഡോക്ടറുടെ സഹായം തേടേണ്ടതാണ്.



