സെൻട്രൽ ജയിലിലെ ‘ഫ്രീഡം ഫുഡിന്’ വില കൂട്ടി…. ചിക്കൻ ബിരിയാണിക്ക് ഇനി 80 രൂപ

കണ്ണൂർ: കുറഞ്ഞ വിലയിലും മികച്ച ഗുണമേന്മയിലും വിപണിയിൽ വൻ ഡിമാന്റുള്ള ജയിൽ ഭക്ഷണത്തിന് വില വർധിപ്പിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർ തയ്യാറാക്കി ‘ഫ്രീഡം ഫുഡ്‌’ എന്ന പേരിൽ വിപണിയിലെത്തിക്കുന്ന പ്രധാന ഭക്ഷണവിഭവങ്ങൾക്കാണ് വില കൂട്ടിയിരിക്കുന്നത്. പുതുക്കിയ വില ഈ മാസം അഞ്ച് മുതൽ പ്രാബല്യത്തിൽ വന്നു. സാധനങ്ങളുടെ വിലവർധന കണക്കിലെടുത്താണ് വിഭവങ്ങൾക്ക് നേരിയ വിലവർധന വരുത്തിയിരിക്കുന്നത്. അതേസമയം ബിരിയാണി ഒഴികെയുള്ള മറ്റ് ഉത്പന്നങ്ങൾക്ക് നിലവിൽ വില കൂട്ടിയിട്ടില്ല.

ചിക്കൻ ബിരിയാണിക്ക് 70 രൂപയിൽനിന്ന്‌ 80 ആയും വെജിറ്റബിൾ ബിരിയാണിക്ക് 45-ൽനിന്ന് 50 ആയും റൈസിന് 40-ൽനിന്ന്‌ 45 രൂപയുമായാണ് വർധന. നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതിനാൽ ജയിൽ ഉത്പന്നങ്ങളുടെയും വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷം മുമ്പ് തന്നെ ജയിൽ സൂപ്രണ്ടുമാർ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വില വർധിപ്പിച്ചത്. ജയിൽ ഉത്പന്നങ്ങളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ചിക്കൻ ബിരിയാണിക്കും ചപ്പാത്തിക്കുമാണ്. മാസം ശരാശരി 7,82,000 ചപ്പാത്തിയാണ് ഈ ജയിലിൽനിന്ന് മാത്രം ചുട്ടെടുത്ത് വിപണിയിലെത്തിക്കുന്നത്.

ചപ്പാത്തി, ബിരിയാണി, പച്ചക്കറി, മുട്ടക്കറി, ചിക്കൻകറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു എന്നിവയാണ് ‘ഫ്രീഡം ഫുഡ്’ ബ്രാൻഡിൽ പ്രധാനമായും വിപണിയിലെത്തുന്നത്. കണ്ണൂർ സെൻട്രൽ ജയിലിനു സമീപത്ത് പുതുതായി നിർമിച്ച ജയിൽ കഫെ, ജയിലിനു മുന്നിലെ രണ്ട് കൗണ്ടറുകൾ എന്നിവയ്ക്ക് പുറമെ തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ് ബസ് സ്റ്റാൻഡുകൾ, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്‌ എന്നിവിടങ്ങളിലെ കൗണ്ടറുകൾ വഴിയും ജനങ്ങൾക്ക് ജയിൽ ഭക്ഷണം വാങ്ങാം.

Related Articles

Back to top button