വിവരങ്ങൾ തരാനാകില്ല, അത് രഹസ്യമാണ്!.. വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ വിവരങ്ങൾ…

തിരുവനന്തപുരം: സംസ്ഥാന പോലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചു. വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല സമർപ്പിച്ച അപേക്ഷയ്ക്ക് സംസ്ഥാന പോലീസ് ആസ്ഥാനമാണ് ഇത്തരമൊരു മറുപടി നൽകിയത്. ഹെലികോപ്റ്ററിന്റെ ഉപയോഗം, വാടക കരാർ, കരാർ കാലാവധി, വാടകത്തുക, ഹെലികോപ്റ്റർ നൽകിയ കമ്പനി, കരാറിന്റെ പകർപ്പ് തുടങ്ങിയ വിവരങ്ങളാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ ഇവ പോലീസ് ആസ്ഥാനത്തെ രഹസ്യാത്മക വിഭാഗത്തിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളായതിനാൽ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ വിശദീകരണം. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ വിവാദമായ പശ്ചാത്തലത്തിലാണ് വിവരങ്ങൾ തേടി അപേക്ഷ നൽകിയത്. ഹെലികോപ്റ്റർ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും, ഒരു നിക്ഷേപകനെ കാണാനാണ് യാത്ര നടത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാൽ ആ നിക്ഷേപകനെ സംബന്ധിച്ച വിവരങ്ങൾ പിന്നീട് സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഇതിനിടെയാണ് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാനാകില്ലെന്ന പോലീസ് ആസ്ഥാനത്തിന്റെ നിലപാട്.



