വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട സംഭവം നടന്ന് ഒരുമാസം പിന്നിട്ടതിന് പിന്നാലെ ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണ് അപകടം. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ സീമാപുരിയിലാണ് സംഭവം. നാലുനില കെട്ടിടം തകർന്നുവീണ് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. സംഭവത്തിൽ ഡൽഹി ഫയർ സർവീസിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ന്യൂ സീമാപുരിയിലെ ഈദ്ഗാഹ് മച്ച്ലി മന്ദിയിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ചിലരെ രക്ഷപ്പെടുത്തി ആശുപത്രികളിലേക്ക് മാറ്റിയതായും മൂന്നോ നാലോ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്നും ഡെപ്യൂട്ടി കമ്മീഷണർ രാജേന്ദ്ര പ്രസാദ് മീണ പറഞ്ഞു. 225 ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില കെട്ടിടമാണ് തകർന്നുവീണതെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.



