വാഹന മോഡിഫിക്കേഷനിൽ പുതിയ ഉത്തരവ്… ഏഴ് മാറ്റങ്ങൾക്ക് അനുമതി

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്. അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ സംബന്ധിച്ചാണ് ഉത്തരവ്. വാഹനത്തിന്റെ ആർസിയിൽ മാറ്റം വരുത്തി നിറം മാറ്റുന്നതുൾപ്പെടെ ഏഴ് തരത്തിലുള്ള മാറ്റങ്ങൾക്കാണ് അനുമതി നൽകുന്നത്. ഒരേ മോഡലിലുള്ള എൻജിൻ മാറ്റിവയ്ക്കുക, ഒരേ മോഡലിലുള്ള ഷാസി മാറ്റിവയ്ക്കുക, വാഹനത്തിന്റെ ബോഡി ഘടന പരിഷ്കരിക്കുക എന്നിവയ്ക്കും അനുമതിയുണ്ട്.
അനുയോജ്യമായ പ്രത്യേക വാഹനമാക്കി മാറ്റുന്നതിനും വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകും. വാഹനത്തിന്റെ നിറം മാറ്റുന്നതിനും ആർസിയിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനും അനുമതിയുണ്ട്. എന്നാൽ ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള മാറ്റങ്ങൾക്ക് പുറമേയുള്ള മോഡിഫിക്കേഷനുകൾ അനുവദനീയമല്ലെന്ന് എംവിഡി വ്യക്തമാക്കി. എല്ലാ മാറ്റങ്ങളും ഗതാഗതവകുപ്പിന്റെ അനുമതിയോടെ മാത്രമേ നടത്താവൂ. 1988ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പ്രകാരമാണ് ഇതിനായി അനുമതി നേടേണ്ടത്. അനുവദിച്ച മാറ്റങ്ങൾ വാഹനത്തിന്റെ ആർസിയിൽ രേഖപ്പെടുത്തേണ്ട ചുമതല രജിസ്റ്ററിങ് അതോറിറ്റിക്കാണ്. ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള മാറ്റങ്ങൾക്ക് പുറമേയുള്ളതും അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്തുന്നതുമായ എല്ലാ മോഡിഫിക്കേഷനുകളും നിരോധിച്ചതായും എംവിഡി അറിയിച്ചു.



