‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നീക്കവുമായി ബിജെപി

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’പദ്ധതിയുമായി ബിജെപി നീക്കങ്ങൾ സജീവമാക്കുന്നതായി റിപ്പോർട്ട്. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്താനുള്ള സാധ്യതയാണ് നേതൃത്വം പരിശോധിക്കുന്നത്. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബിൽ പാസാക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നാണ് വിവരം. ബിൽ പാസാക്കാൻ സാധിച്ചില്ലെങ്കിലും ബദൽ മാർഗങ്ങൾ പരിഗണിക്കാനും ബിജെപി നേതൃത്വം ആലോചിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി എൻഡിഎ ഭരണത്തിലുള്ള 22 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഭരണസാഹചര്യങ്ങളും ഇതിനായി വിലയിരുത്തും. ബിൽ പാർലമെന്റിൽ പാസാകാത്ത സാഹചര്യത്തിൽ എൻഡിഎ സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിട്ട് 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ നീക്കത്തോടെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന അജണ്ട ദേശീയ രാഷ്ട്രീയത്തിൽ വീണ്ടും സജീവ ചർച്ചയാകുകയാണ്. അതേസമയം, പുറത്തുവരുന്ന അഭ്യൂഹങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്.

Related Articles

Back to top button