കാമറയ്ക്ക് മുന്നിൽ ചോദ്യപേപ്പർ കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് ശ്രമം…. നീറ്റ് വിദ്യാർത്ഥിക്ക് വന്ന വീഡിയോ കോളിന് പിന്നാലെ….

രാജ്യത്തെ പ്രമുഖ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ (NEET) ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികൾക്ക് അജ്ഞാതന്റെ വീഡിയോ കോൾ. രാജസ്ഥാനിലെ അജ്മീറിലുള്ള നീറ്റ് വിദ്യാർത്ഥിക്കാണ് കഴിഞ്ഞ ദിവസം ചോദ്യപേപ്പർ മാഫിയയുടേതെന്ന് സംശയിക്കുന്ന ഫോൺ കോൾ എത്തിയത്. പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പർ കൈമാറാമെന്ന് കാണിച്ച് ഇയാൾ 30,000 രൂപയാണ് ആവശ്യപ്പെട്ടത്. പരീക്ഷാ തട്ടിപ്പിനുള്ള ആസൂത്രിത ശ്രമമാണിതെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഡി.എ.വി കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റും എബിവിപി അംഗവുമായ കൃഷ്ണ സിംഗ് താക്കൂർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി.
തന്റെ പക്കൽ വരാനിരിക്കുന്ന നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ഉണ്ടെന്നും അത് മുൻകൂട്ടി നൽകാമെന്നുമായിരുന്നു വിളിച്ചയാളുടെ അവകാശവാദം. എന്നാൽ വിദ്യാർത്ഥി ഇതിന് തെളിവ് ചോദിച്ചതോടെ തട്ടിപ്പുകാരൻ ഉടൻ തന്നെ വീഡിയോ കോൾ ചെയ്യുകയായിരുന്നു. തുടർന്ന് ചോദ്യപേപ്പർ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ചില ഔദ്യോഗിക രേഖകൾ ഇയാൾ കാമറയിലൂടെ വിദ്യാർത്ഥിയെ കാണിച്ചു. തുടർന്ന് ഇതേ നമ്പറിൽ നിന്ന് വിദ്യാർത്ഥി പ്രതിനിധിയായ കൃഷ്ണ സിംഗ് താക്കൂറിനും കോളെത്തി. പണം കൈമാറുന്നതിനായി ഒരു ഓൺലൈൻ പെയ്മെന്റ് നമ്പറും അജ്ഞാതൻ പങ്കുവെച്ചിട്ടുണ്ട്.
തട്ടിപ്പുകാരനുമായി സംസാരിച്ച ഫോൺ കോൾ വിവരങ്ങളും വീഡിയോ കോളിലെ ദൃശ്യങ്ങളും വിദ്യാർത്ഥികൾ റെക്കോർഡ് ചെയ്ത് പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തതായി അഡീഷണൽ എസ്പി ഹിമാൻഷു ജാഗിദ് അറിയിച്ചു. ഫോൺ വിളിക്കാൻ ഉപയോഗിച്ച നമ്പർ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഒപ്പം വീഡിയോ കോളിനിടെ കാണിച്ച ചോദ്യപേപ്പർ യഥാർത്ഥത്തിലുള്ളതാണോ അതോ വിദ്യാർത്ഥികളെ പറ്റിക്കാൻ നിർമ്മിച്ച വ്യാജ രേഖയാണോ എന്ന കാര്യവും സൈബർ വിഭാഗത്തിന്റെ സഹായത്തോടെ പൊലീസ് പരിശോധിച്ച് വരികയാണ്.




