കണ്ണൂർ സർവകലാശാലയിൽ ചട്ടവിരുദ്ധ നിയമനമെന്ന് ആരോപണം…. ആർഎസ്എസ് അനുകൂലിയെ…

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ (വിസി) ചട്ടങ്ങള്‍ മറികടന്ന് ആർഎസ്എസ് അനുകൂലിയായ അധ്യാപകന് സുപ്രധാന പദവി നൽകിയതായി ഗുരുതര ആരോപണം. മാളവ്യ മിഷന് ടീച്ചര്‍ ട്രെയിനിങിന്റെ (MMTTC) ചുമതല ഡോ. എ പ്രവീണിന് നൽകിയ വിസി കെ കെ സാജുവിന്റെ നടപടിയാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. പുതിയ നാഷണൽ എഡ്യൂക്കേഷൻ പോളിസി (NEP) ട്രെയിനിങ്ങില്‍ ഉള്‍പ്പെടെ കാവിവത്കരണം ലക്ഷ്യമിട്ടാണ് വിസിയുടെ ഈ നീക്കമെന്നാണ് ഉയരുന്ന പ്രധാന പരാതി.
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ജോലി ചെയ്യവേ, വിദ്യാര്‍ഥിനിയോട് ലൈംഗിക ഉദ്ദേശത്തോടെ അപമര്യാദയായി പെരുമാറിയത് ഉള്‍പ്പെടെയുള്ള ഗുരുതരമായ പരാതികള്‍ ഡോ. പ്രവീണിനെതിരെ നിലവിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിദ്യാര്‍ഥി – അധ്യാപക സംഘടനകളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് നിലവിലെ വിസിയുടെ ഈ ചട്ടവിരുദ്ധ നിയമനം. യുജിസി (UGC) മാര്‍ഗനിര്‍ദേശ പ്രകാരം എംഎംടിടിസി കേന്ദ്രങ്ങളുടെ ഡയറക്ടറാക്കേണ്ടത് സര്‍വകലാശാലയിലെ സ്വന്തം പഠനവകുപ്പിലെ പ്രൊഫസര്‍ റാങ്കിലുള്ള ഏറ്റവും മുതിർന്ന അധ്യാപകനെയാണ്. എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം ഇവിടെ അട്ടിമറിക്കപ്പെട്ടു.
പോണ്ടിച്ചേരിയില്‍ നിന്നും കേവലം ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണ് പ്രവീണ്‍ നിലവിൽ കണ്ണൂർ സർവകലാശാലയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറായി എത്തിയത്. എന്നാൽ, മൂന്ന് വര്‍ഷം കാലാവധിയുള്ള എംഎംടിടിസി ഡയറക്ടർ സ്ഥാനത്തേക്കാണ് കേവലം ഒരു വർഷത്തെ കാലാവധി മാത്രമുള്ള പ്രവീണിനെ വിസി നിയമിച്ചിരിക്കുന്നത്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇയാൾ ഡെപ്യൂട്ടേഷനില്‍ കണ്ണൂരിലെത്തിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ആരോപിച്ചു. ഗവര്‍ണര്‍ വിളിച്ചുചേർത്ത വിസിമാരുടെ ഔദ്യോഗിക യോഗത്തില്‍ പോലും രജിസ്ട്രാർക്കോ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കോ പകരമായി വിസി ഒപ്പം കൂട്ടിയത് പ്രവീണിനെയായിരുന്നു എന്നത് ഈ ഉന്നത സ്വാധീനത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംഘപരിവാര്‍ അനുകൂലികളായ അധ്യാപകരെ ഉന്നത പദവികളില്‍ കുത്തിനിറച്ച് സര്‍വകലാശാലകളില്‍ ആധിപത്യം ഉറപ്പിക്കാനാണ് വിസി ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ കുറ്റപ്പെടുത്തി. കണ്ണൂരിന് പുറമെ കേരള കാര്‍ഷിക സര്‍വകലാശാലയിലും ആര്‍എസ്എസ് പശ്ചാത്തലമുള്ള അധ്യാപികയെ കൊണ്ടുവരാന്‍ ഗവര്‍ണര്‍ നീക്കം നടത്തുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എല്ലാ സര്‍വകലാശാലകളിലും അയോഗ്യരായ താത്കാലിക വിസിമാരെ നിത്യമായി നിലനിർത്തിക്കൊണ്ട് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ സമ്പൂർണ്ണമായി കാവിവത്കരിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നു.




