ആറ്റുകാലിൽ വാടകവീട്ടിൽ 26-കാരി തൂങ്ങിമരിച്ച നിലയിൽ… ഭർത്താവിന്റെ ക്രൂര പീഡനമെന്ന് കുടുംബം

തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശിനിയായ ആരതി (26) ആണ് മരിച്ചത്. ഭർത്താവ് അതുലിന്റെ കടുത്ത ശാരീരിക-മാനസിക പീഡനങ്ങളെ തുടർന്നാണ് ആരതി ജീവനൊടുക്കിയതെന്ന് യുവതിയുടെ കുടുംബം ഗുരുതരമായ ആരോപണം ഉന്നയിച്ചു.

ഒന്നരവർഷം മുൻപായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം കഴിഞ്ഞത്. വിവാഹസമയത്ത് ആരതിയുടെ കുടുംബം 50 പവൻ സ്വർണാഭരണങ്ങൾ നൽകിയിരുന്നു. എന്നാൽ വിവാഹശേഷവും സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു. ആരതിയുടെ 50 പവൻ സ്വർണം അതുൽ പലഘട്ടങ്ങളിലായി പണയം വെച്ചിരുന്നു. ഏറ്റവും ഒടുവിൽ എട്ട് ലക്ഷം രൂപയ്ക്ക് ഈ സ്വർണം പൂർണ്ണമായി വിൽക്കുകയും ആ തുകയ്ക്ക് കാർ വാങ്ങുകയും ചെയ്തു. ഇതിനുശേഷവും വീണ്ടും പണം ആവശ്യപ്പെട്ട് അതുൽ ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം പറയുന്നു. ഭർത്താവ് തന്നെ ശാരീരികമായി ക്രൂരമായി മർദ്ദിക്കുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും ദൃശ്യങ്ങൾ മരണത്തിന് മുൻപ് ആരതി സ്വന്തം അമ്മയ്ക്ക് മൊബൈൽ വഴി അയച്ചുനൽകിയിരുന്നു. ഇത് പീഡനത്തിനുള്ള ശക്തമായ തെളിവായി കുടുംബം ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ രാത്രിയും അതുലും ആരതിയും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെ അതുൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും, തൊട്ടുപിന്നാലെ ആരതി മുറിക്കുള്ളിൽ ജീവനൊടുക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് അതുലിനെതിരെ പോലീസ് വിശദമായ അന്വേഷണം നടത്തും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Articles

Back to top button