സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കാൻ മുൻ എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്റെ നിർണ്ണായക കുറിപ്പ് പുറത്ത്…

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിക്കുന്നതിനായി മുൻ എൽ.ഡി.എഫ് സർക്കാർ സജീവമായ ഇടപെടലുകൾ നടത്തിയതിന്റെ വ്യക്തമായ തെളിവുകൾ പുറത്ത്. എക്സൈസ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദൻ തയ്യാറാക്കിയ ഔദ്യോഗിക ഫയൽ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 20 ശതമാനം വരെ മാത്രം വീര്യമുള്ള മദ്യം വിപണിയിൽ ലഭ്യമാക്കിയാൽ, നിലവിലുള്ള വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം ഘട്ടങ്ങളായി കുറയ്ക്കാൻ സാധിക്കുമെന്ന് ഈ കുറിപ്പിൽ വ്യക്തമാക്കുന്നു. ചട്ട ഭേദഗതിക്കായി ഇടത് സർക്കാർ നടത്തിയ ഫയൽ നീക്കത്തിന്റെ വിശദാംശങ്ങളാണ് ഇതിലുള്ളത്.

സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് മദ്യവർജനത്തിലൂന്നിയ ബോധവത്കരണ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കി വരുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഫയൽ കുറിപ്പ് ആരംഭിക്കുന്നത്. മദ്യനിരോധനം പ്രായോഗികമായി വിജയകരമായി നടപ്പിലാക്കാൻ കഴിയില്ലെന്ന് മുൻകാല അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സംസ്ഥാനം ‘മദ്യനിരോധനം’ എന്നതിന് പകരം ‘മദ്യവർജ്ജനം’ എന്ന ആശയം തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ഉദയഭാനു കമ്മീഷന്റെ ശുപാർശകളും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. വീര്യം കൂടിയ മദ്യത്തിന്റെ ഉപയോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട്, ജനങ്ങളെ വീര്യം കുറഞ്ഞ മദ്യ ഉപയോഗത്തിലേക്ക് കൊണ്ടുവരണമെന്നാണ് കമ്മീഷൻ ശുപാർശ ചെയ്തിരുന്നത്.

എം.വി ഗോവിന്ദന്റെ ഫയൽ കുറിപ്പ്….

സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ഉദയഭാനു കമ്മീഷന്‍, വീര്യം കൂടിയ മദ്യം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട്, വീര്യം കുറഞ്ഞ മദ്യ ഉപയോഗത്തിലേയ്ക്ക് ജനങ്ങളെ കൊണ്ടുവരണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. സംസ്ഥാനത്ത് നിലവില്‍ വില്‍ക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വീര്യം 42.86% v/v ആണ്. ഇതോടൊപ്പം തന്നെ 20% v/v വരെ വീര്യമുളള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുന്നതാണെന്ന് സര്‍ക്കാര്‍ കരുതുന്നു. 2022-23ലെ മദ്യനയത്തില്‍, 20% v/v വരെയുള്ള വീര്യം കുറഞ്ഞ മദ്യം വിപണനം നടത്തുന്നതിന് അനുമതി നല്‍കുന്നതിന് തീരുമാനം എടുത്തിരുന്നു. അതിന്റെ ഭാഗമായി 0.5% v/v മുതല്‍ 20% v/v വരെ വീര്യമുളള മദ്യം വില്‍പ്പന നടത്തുന്നതിന് അനുമതി നല്‍കുന്നതിനായി വിദേശമദ്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ചട്ടം തയ്യാറാക്കിയിരുന്നു. പ്രസ്തുത കരട് ചട്ടം നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നു

Related Articles

Back to top button