കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേർപ്പെട്ട നിലയിൽ അജ്ഞാത മൃതദേഹം….

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള പുരുഷന്റെ മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ബേക്കല്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഇവർ അടുത്തെത്തി നോക്കുമ്പോഴാണ് മൃതദേഹത്തിന് തലയില്ലെന്ന് മനസിലാക്കുന്നത്. ഉടൻ തന്നെ ഇവർ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തലവേർപ്പെട്ട നിലയിലായതിനാല്‍ ഇത് സാധാരണ രീതിയിലുള്ള മുങ്ങിമരണമാകാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം ശക്തമായ തിരമാലയില്‍പ്പെട്ട് കടലിലേക്ക് ഒഴുകിയെത്തിയതാണോ എന്നും സംശയമുണ്ട്. അതേസമയം, ദീര്‍ഘകാലം കടലില്‍ കിടന്നാല്‍ സ്വാഭാവികമായി തലവേര്‍പ്പെട്ട് പോകാൻ സാധ്യതയുള്ളതിനാല്‍ നിലവില്‍ മറ്റ് ദുരൂഹതകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസിന്റെ പക്ഷം. കടലില്‍ വീണപ്പോള്‍ തല വിച്ഛേദിക്കപ്പെട്ടതാണോ എന്നതടക്കമുള്ള സംശയങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹത്തിന്റെ കാലിലെ മാംസഭാഗങ്ങളും വേര്‍പ്പെട്ട നിലയിലാണ് ഉള്ളത്. അസ്ഥികള്‍ പലതും പുറത്തേക്ക് തള്ളിയിട്ടുണ്ട്. മൃതദേഹത്തിന്റെ കഴുത്ത് മുതല്‍ താഴേക്ക് ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നാണ് മൃതദേഹം ആദ്യം കണ്ട മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വലയില്‍ കുടുങ്ങിയ അടയാളവും ശരീരത്തിലുണ്ട്.
ബേക്കല്‍ കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാസര്‍കോട് ജില്ലയില്‍ നിന്നും സമീപകാലത്ത് കാണാതായ ആളുകളെ കേന്ദ്രീകരിച്ചും, കർണാടക അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കാണാതായവരെക്കുറിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആളെ കണ്ടെത്താനുള്ള ഊർജ്ജിതമായ ശ്രമത്തിലാണ് പോലീസ്.



