രണ്ട് ദിവസത്തെ കുതിപ്പിന് ബ്രേക്ക്… സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു, പവന്…

രണ്ട് ദിവസമായി തുടർച്ചയായി ഉയർന്ന സ്വർണ്ണവിലയ്ക്ക് ബ്രേക്കിട്ടുകൊണ്ട് സംസ്ഥാനത്ത് ഇന്ന് വില കുറഞ്ഞു. ഒരു ഗ്രാം സ്വർണ്ണത്തിന് 45 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,230 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് 360 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 1,05,840 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നത്തെ സ്വർണ്ണവ്യാപാരം പുരോഗമിക്കുന്നത്.
ഇറാൻ-അമേരിക്ക സംഘർഷം അയവില്ലാതെ പുനരാരംഭിച്ച പശ്ചാത്തലത്തിലായിരുന്നു ഒരു ഇടവേളയ്ക്ക് ശേഷം സ്വർണ്ണവില വലിയ തോതിൽ കുതിച്ചുയർന്നത്. ഇതിനുശേഷമാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസത്തിന്റെ തുടക്കം മുതൽ സ്വർണ്ണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് വിപണിയിൽ ദൃശ്യമാകുന്നത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണ്ണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ സാധാരണയായി കേരളത്തിലും പ്രതിഫലിക്കാറുണ്ട്. എന്നിരുന്നാലും, ആഗോള വിപണിയിൽ വില കൂടിയാൽ അതേ അനുപാതത്തിൽ കേരളത്തിൽ വില കൂടണമെന്നില്ലെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.



