കണ്ഠരര് രാജീവർക്ക് പകരം മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന് അപേക്ഷ… നിയമോപദേശം തേടി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തന്ത്രി നിയമനത്തിൽ ഹൈക്കോടതിയുടെ അഭിപ്രായം തേടാനാണ് ബോർഡിന്റെ തീരുമാനം. നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ ഊഴത്തിൽ മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ് ബോർഡ് കോടതിയെ സമീപിക്കുന്നത്. ഇതോടൊപ്പം മേൽശാന്തി നിയമനത്തിനായുള്ള അഭിമുഖത്തിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കാനും ദേവസ്വം ബോർഡിന് ആലോചനയുണ്ട്.
ശബരിമലയിലെ താന്ത്രിക ഊഴം ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ അംഗങ്ങൾക്കാണ് ലഭിക്കുന്നത്. ഈ കുടുംബത്തിലെ രണ്ട് ശാഖകളിൽ നിന്നുള്ള അംഗങ്ങൾ ഓരോ വർഷവും മാറിമാറി താന്ത്രികവിധി പ്രകാരമുള്ള കർമ്മങ്ങൾ നിർവഹിക്കുന്നതാണ് ശബരിമലയിലെ പതിവ്. ഇതുപ്രകാരം വരുന്ന ചിങ്ങം ഒന്ന് മുതൽ താന്ത്രിക ഊഴം കണ്ഠരര് രാജീവരുടെ കുടുംബത്തിനാണ് ലഭിക്കേണ്ടത്. എന്നാൽ, തനിക്ക് അനാരോഗ്യമുണ്ടെന്നും അതിനാൽ ഈ ഊഴത്തിൽ താന്ത്രിക ജോലികൾക്കായി താൻ എത്തുന്നില്ലെന്നും പകരം മകൻ ബ്രഹ്മദത്തനെ പരിഗണിക്കണമെന്നും കണ്ഠരര് രാജീവർ രേഖാമൂലം ദേവസ്വം ബോർഡിനെ അറിയിക്കുകയായിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ തന്ത്രി കണ്ഠരര് രാജീവർ പ്രതിയാണ്. ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തി നൽകുന്ന അപേക്ഷയിൽ ദേവസ്വം ബോർഡ് നേരിട്ട് തീരുമാനമെടുത്താൽ അത് വലിയ വിവാദങ്ങൾക്ക് വഴിമാറ്റാൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുൻകൂട്ടി കണ്ടാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിക്കാനും കോടതിയുടെ അഭിപ്രായം തേടാനുമുള്ള തന്ത്രപരമായ നീക്കത്തിലേക്ക് ദേവസ്വം ബോർഡ് കടക്കുന്നത്.



