കോറോഹെൽത്തിന് പിന്നാലെ ജീവനക്കാരെ വഴിയാധാരമാക്കി കൊച്ചിയിലെ ‘ടാൽറോപ്’; ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാർ..

കോറോഹെൽത്തിന് പി‌ന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി എത്തിയിരിക്കുകയാണ് കൊച്ചിയിലെ മറ്റൊരു കമ്പനി. ‘ടാൽറോപ്’ എന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടൽ നടന്നിട്ടുള്ളത്. നിയമ പഴുതുകൾ ഉപയോഗിച്ചാണ് കമ്പനി അധികൃതർ ജീവനക്കാരെ പിരിച്ചുവിട്ടത്. ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് വഴിയാധാരമായിരിക്കുന്നത്.

എഐ വന്നതോടെ ജീവനക്കാരുടെ ജോലി ഇല്ലാതായെന്നും, കമ്പനി പൂട്ടാൻ പോകുകയാണെന്നുമാണ് ഉടമകൾ നൽകുന്ന വിശദീകരണം. 19 കമ്പനികളിലായിട്ടാണ് ജീവനക്കാർ ജോലിയെടുത്തത്. പല ഘട്ടങ്ങളായാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്. അതേസമയം, പുതിയ ഇൻവെസ്റ്റ്മെൻറ് നീക്കവുമായി മുന്നോട്ട് പോകാനാണ് കമ്പനി ഉടമകളുടെ നിലപാട്. തങ്ങളുടെ പരാതികളിൽ നടപടിയൊന്നും ഉണ്ടാകാതെ വന്നതോടെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജോലി നഷ്ടപ്പെട്ടവർ.

അതേസമയം, കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഇന്നലെ കമ്പനി അധികൃതരുമായി നടത്തിയ ചർച്ച ഫലം കണ്ടില്ല. 20-ന് വീണ്ടും ചർച്ച നടത്തും. വിഷയത്തിൽ കേന്ദ്രത്തെക്കൂടി ഉൾപ്പെടുത്താനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. വിഷയം ചൂണ്ടിക്കാട്ടി മന്ത്രി ബിന്ദു കൃഷ്ണ കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി ചർച്ച നടത്തും.

സാമ്പത്തിക പ്രതിസന്ധിയുണ്ട്, ഓർഡറുകൾ ലഭിക്കുന്നില്ല തുടങ്ങിയ ന്യായീകരണങ്ങളാണ് കമ്പനി അധികൃതർ ചർച്ചയിൽ ഉന്നയിച്ചത്. ഈ വാദങ്ങളെ സർക്കാർ ശക്തമായി എതിർത്തു. രേഖകളിൽ കമ്പനി ലാഭത്തിലാണെന്നതും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലെ പ്രവർത്തവും ചൂണ്ടിക്കാട്ടിയാണ് കമ്പനിയുടെ ആ വാദത്തെ സർക്കാർ തള്ളിയത്.

കമ്പനിയുടെ നിലനിൽപ്പിനാവശ്യമായ എന്ത് സഹായം വേണമെങ്കിലും ഒരുക്കാൻ കേരള സർക്കാർ തയ്യാറാണെന്ന് കമ്പനി പ്രതിനിധികളെ മന്ത്രി അറിയിച്ചു. കേരളത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ അത് പരിഹരിക്കാനും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. 20-ാം തീയതി നിലപാട് അറിയിക്കണമെന്നും മന്ത്രി ചർച്ചയിൽ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെക്കൂടി ഇടപെടുത്താനാണ് സർക്കാർ തീരുമാനം

Related Articles

Back to top button