‘അമ്മ’യിലെ തൊഴിൽ പീഡന പരാതിയിൽ നടപടിയുമായി എക്സിക്യൂട്ടീവ് കമ്മറ്റി; യുവതിയെ തിരിച്ചെടുത്തു, ഉണ്ണി ശിവപാലിനെതിരെ നടപടി

മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യിൽ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഉയർന്ന തൊഴിൽ പീഡന പരാതിയിൽ നടപടി. ഫ്രണ്ട് ഓഫീസ് ജീവനക്കാരി നൽകിയ പരാതിയെ തുടർന്ന് യുവതിയെ നേരത്തെ പിരിച്ചുവിട്ട നടപടി പിൻവലിച്ചതായും, ഉണ്ണി ശിവപാലിനെ അവധിയിൽ പ്രവേശിപ്പിക്കാനാണ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനമെന്നും പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കി.
സംഘടനയിലെ ജീവനക്കാരിയായ അതുല്യയാണ് കൊച്ചി കമ്മിഷണർക്ക് പരാതി നൽകിയത്. മാനസിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്. പരാതിയുമായി മുന്നോട്ടുവന്നതിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയതായും അവർ ആരോപിക്കുന്നു. തുടർന്ന് ലേബർ ഓഫീസിലും പരാതിയുമായി യുവതി സമീപിച്ചിട്ടുണ്ട്.
ഉണ്ണി ശിവപാൽ ജീവനക്കാരോട് ‘അടിമ മനോഭാവം’ പുലർത്തിയിരുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതി നൽകിയാൽ ട്രഷററെ പിണക്കരുതെന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പറഞ്ഞതായും അവർ ആരോപിച്ചു.
താൻ നേരിട്ട അനുഭവങ്ങൾ വിശദീകരിച്ച യുവതി, ജോലി സമയത്തിന് പുറമെ രാത്രിയും തുടർച്ചയായി സന്ദേശങ്ങളും വിളികളും ലഭിച്ചതായും, മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിയിട്ട സാഹചര്യങ്ങൾ ഉണ്ടായതായും ആരോപിച്ചു. തന്റെ പരാതികൾ അവഗണിക്കപ്പെട്ടുവെന്നും ട്രഷറർക്കുവേണ്ടിയാണ് തീരുമാനങ്ങൾ ഉണ്ടായതെന്നും അവർ ആരോപിക്കുന്നു.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച പ്രസിഡന്റ് ശ്വേത മേനോൻ, പരാതി എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പരിഗണനയിൽ വന്നിരുന്നുവെന്നും കമ്മറ്റി ചേരുന്നതിലെ വൈകല്യമാണ് നടപടികൾ വൈകാൻ കാരണമായതെന്നും വ്യക്തമാക്കി. കുക്കു പരമേശ്വരനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് കമ്മറ്റിയിൽ ചർച്ച നടന്നിട്ടില്ലെന്നും, നിലവിലെ പ്രശ്നം ഉണ്ണി ശിവപാലും അതുല്യയും തമ്മിലാണെന്നും അവർ പറഞ്ഞു.
ഇതിനിടെ, ‘അമ്മ’ സംഘടനയുടെ ജോയിന്റ് സെക്രട്ടറി അൻസിബ ഹസ്സന്റെ രാജി അംഗീകരിച്ചതായും ശ്വേത മേനോൻ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നും അവർ വ്യക്തമാക്കി.



