ഇന്ത്യയ്ക്ക് മേൽ അമേരിക്കയുടെ അധിക തീരുവ… മോദി സർക്കാരിനെതിരെ…

ഡൽഹി: ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ. അമേരിക്കയുടെ നടപടി ഭീഷണിപ്പെടുത്തലാണെന്നും ഇന്ത്യയെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണെന്നും സിപിഐഎം ആരോപിച്ചു. അധിക ഉൽപ്പാദനശേഷിയും നിർബന്ധിത തൊഴിലും ചൂണ്ടിക്കാട്ടിയുള്ള അമേരിക്കയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
അമേരിക്കൻ സമ്മർദത്തെ ചെറുക്കുന്നതിൽ മോദി സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നാണ് സിപിഐഎമ്മിന്റെ വിമർശനം. അമേരിക്കയുടെ നടപടിയെ കേന്ദ്ര സർക്കാർ പരസ്യമായി എതിർക്കണം. വ്യാപാര ചർച്ചകളിൽ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെയും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെയും അധിക തീരുവ ചുമത്താനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം.
യൂറോപ്യൻ യൂണിയൻ, ബംഗ്ലാദേശ്, ജപ്പാൻ, സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം വരെ തീരുവ ചുമത്താനും അമേരിക്ക ആലോചിക്കുന്നുണ്ട്. ആഗോള വിപണിയിൽ കുറഞ്ഞ വിലയ്ക്ക് വ്യാവസായിക ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് മറ്റ് രാജ്യങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കയുടെ നീക്കം. ഇതിനെതിരെയാണ് സിപിഐഎം രംഗത്തെത്തിയിരിക്കുന്നത്.




