നടി വർഷിണി അറസ്റ്റിൽ

നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ട് അറസ്റ്റിൽ. ഹ്രസ്വചിത്രം നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയ ശേഷം പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും കവർന്നെന്ന കേസിലാണ് താരം അറസ്റ്റിലായത്. ചെന്നൈ പൊലീസാണ് കേസിൽ വർഷിണിയെയും കൂട്ടാളികളെയും പിടികൂടിയത്.
ഹ്രസ്വചിത്രം നിർമിക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് പരാതിക്കാരനായ യുവാവ് വർഷിണിക്ക് അഞ്ച് ലക്ഷം രൂപ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പണം കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചില്ലെന്നാണ് പരാതി.
തുടർന്ന് യുവാവ് പണം തിരികെ ആവശ്യപ്പെട്ടു. പണം മടക്കി നൽകാമെന്ന് പറഞ്ഞ് യുവാവിനെ വിളിച്ചുവരുത്തിയ വർഷിണി പിന്നീട് ഭീഷണിപ്പെടുത്തുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന 50,000 രൂപയും രണ്ട് വിലകൂടിയ മൊബൈൽ ഫോണുകളും ബലമായി കൈക്കലാക്കുകയും ചെയ്തെന്നാണ് കേസ്.
സംഭവത്തെ തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിപ്പ്, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വർഷിണിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് വർഷിണിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനിടെ പുറത്തുവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.




