മാവേലിക്കരയിൽ…. മകളുടെ വിവാഹം വിളിക്കാൻ പോയ കുടുംബത്തിന്റെ അപകടം…. ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി….

മാവേലിക്കര- മകളുടെ വിവാഹ നിശ്ചയത്തിനിടെ നാടിനെ നടുക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന വീട്ടമ്മയും മരിച്ചു. വെട്ടിയാർ പള്ളിമുക്ക് തുളസീദളം വീട്ടിൽ പരേതനായ ശശി കെ.നായരുടെ ഭാര്യ തുളസി എസ്.നായർ (55) ആണ് മരിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
കഴിഞ്ഞ 27ന് കൊല്ലം തേനി ഹൈവേയിൽ മാങ്കാംകുഴി പാറക്കുളങ്ങരയിൽ വെച്ച് വൈകിട്ട് 7.15നായിരുന്നു അപകടം നടന്നത്. മകളുടെ വിവാഹ നിശ്ചയത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മാങ്കാംകുഴി ഭാഗത്തേക്ക് പോയ സ്കൂട്ടറിൽ എതിരെവന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകട ദിവസം തന്നെ ഭർത്താവ് ശശി കെ.നായർ (64) മരണപ്പെട്ടിരുന്നു.
ശശി കോൺഗ്രസ് വെട്ടിയാർ മണ്ഡലം സെക്രട്ടറിയും വെട്ടിയാർ 45ാം നമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായിരുന്നു. വരുന്ന മെയ് 14ന് ആയിരുന്നു ഇവരുടെ മകൾ അഭിരാമിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മകൻ: അഭിഷേക്.



