വണ്ടിപ്പെരിയാറിൽ കല്യാണ വിരുന്നിനിടെ കൂട്ടയടി…. കാറ്ററിംഗ് ജീവനക്കാർക്കും ബന്ധുക്കൾക്കും പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പി സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിൽ ഇരുവിഭാഗത്തിലുമായി എട്ടുപേർക്ക് പരിക്കേറ്റു. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം നടന്ന സൽക്കാരത്തിന്റെ അവസാന ഘട്ടത്തിലാണ് വരന്റെ സഹോദരിയും ഭർത്താവും ബന്ധുക്കളും എത്തിയത്. കാറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കിക്കൊണ്ടിരുന്ന മേശയിൽ ഇവർ ഇരിക്കാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
സമീപത്ത് വൃത്തിയാക്കി വെച്ചിരുന്ന മറ്റൊരു മേശയിലേക്ക് മാറിയിരിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ ഇത് കൂട്ടാക്കിയില്ല. തുടർന്നുണ്ടായ വാക്കുതർക്കം കൈയാങ്കളിയായി മാറി. തർക്കത്തിനിടെ പാത്രം ഉപയോഗിച്ച് കാറ്ററിംഗ് ഉടമയുടെ തലയ്ക്ക് അടിയേറ്റതോടെ ഇരുവിഭാഗവും തമ്മിൽ കൂട്ടയടി ആരംഭിക്കുകയായിരുന്നു. വരന്റെ സഹോദരി ഭർത്താവ്, മൂന്ന് കാറ്ററിംഗ് ജീവനക്കാർ എന്നിവരടക്കം എട്ടുപേർക്കാണ് പരിക്കേറ്റത്. ഇവർ വണ്ടിപ്പെരിയാറിലെയും പീരുമേട്ടിലെയും ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ ഇരുവിഭാഗവും പരാതി നൽകാൻ തയ്യാറാകാത്തതിനെത്തുടർന്ന് പോലീസ് കേസെടുത്തിട്ടില്ല.




