മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേവിഷബാധ…

കൊച്ചി: മൂവാറ്റുപുഴ നഗരത്തില്‍ 13 പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി മൂവാറ്റുപുഴ നഗരസഭയില്‍ അടിയന്തര യോഗം വിളിച്ചു.

ഗവ. ആശുപത്രി അധികൃതര്‍, വെറ്ററിനറി ആശുപത്രി പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. ആദ്യം ഒന്‍പത് പേര്‍ക്ക് മാത്രമാണ് കടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കിലും, പരിശോധനയില്‍ 13 പേര്‍ക്ക് നായയുടെ കടിയേറ്റതായി കണ്ടെത്തി. ഇവര്‍ക്കെല്ലാം ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

കടിയേറ്റ എല്ലാവര്‍ക്കും പേവിഷ പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളതിനാല്‍ നാളെ തന്നെ ഇതിനെ പിടികൂടാന്‍ നടപടിയെടുക്കും.

നഗരപരിധിയിലെ നായകള്‍ക്ക് വ്യാപകമായി വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ക്യാമ്പ് ആരംഭിക്കാനും നഗരസഭ തീരുമാനിച്ചു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ്സ് മേരി ആന്റണി അറിയിച്ചു.

Related Articles

Back to top button