മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്… അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ….

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എട്ട് കേസുകളിൽ അന്വേഷണം പൂർത്തിയായെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു കേസിൽ മാത്രമാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു. സാവകാശം അനുവദിച്ചിട്ടും എല്ലാ കേസുകളിലും അന്തിമ കുറ്റപത്രം സമർപ്പിക്കാത്തത് കോടതിയോടുള്ള വീഴ്ചയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അന്വേഷണത്തിൽ ഇത്തരത്തിൽ വീഴ്ച വരുത്തി മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ നിർദേശിക്കുകയായിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണ സംഘത്തിന് കോടതി നേരത്തെ രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചിരുന്നു. എന്നാൽ എട്ട് കേസുകളിൽ ഒന്നിൽ മാത്രമാണ് കുറ്റപത്രം നൽകിയതെന്ന വിവരമാണ് കോടതിയുടെ അതൃപ്തിക്ക് കാരണമായത്. അതേസമയം, കേസിൽ താൻ പ്രതിയാണെങ്കിൽ അതുസംബന്ധിച്ച കുറ്റപത്രം കാണിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. 2016ൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം ആരംഭിച്ചത്.

പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നബാർഡിന്റെ സഹായത്തോടെ പിന്നാക്ക വികസന കോർപറേഷൻ വഴി അനുവദിച്ച ഗ്രാന്റ് ദുരുപയോഗം ചെയ്തെന്നാണ് കേസ്. ഗുണഭോക്താക്കളിൽ നിന്ന് അമിത പലിശ ഈടാക്കി സർക്കാരിനെ വഞ്ചിക്കുകയും അഴിമതി നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. വർഷങ്ങളായി തുടരുന്ന കേസിൽ അന്വേഷണ നടപടികൾ വൈകുന്നതാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.

Related Articles

Back to top button