പാലക്കാട് സ്കൂൾ വെടിവെപ്പ്: ഒൻപതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ഹോമിലേക്ക്..

പാലക്കാട്: തൃത്താല പരതൂർ ഹയർസെക്കൻഡറി സ്കൂളിലെ വെടിവെപ്പ് കേസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഡിസംബർ അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ തോക്ക് കൈവശം വെച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജിതമാക്കി. പരിക്കേറ്റ കുട്ടിയുടെ ശരീരത്തിൽ തറച്ച വെടിയുണ്ട കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്ന് തൃത്താല പൊലീസ് ശേഖരിക്കും. കുട്ടി ഒരു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
കുട്ടിയുടെ കൈവശമുണ്ടായിരുന്നത് ലൈസൻസില്ലാത്ത തോക്കാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തോക്ക് വീട്ടിൽ സൂക്ഷിച്ചിരുന്നതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. തോക്ക് കുട്ടിയുടെ മുത്തശ്ശന്റേതാണെന്നും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നതാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ. കുട്ടിയിൽ നിന്ന് പിടിച്ചെടുത്ത തോക്ക് പ്രവർത്തനക്ഷമമാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 0.22 റിവോൾവറാണ് പിടിച്ചെടുത്തത്. തോക്ക് ഉത്തരേന്ത്യയിൽ നിർമ്മിച്ചതാണെന്നും അതിനുള്ളിലെ ബുള്ളറ്റ് പഞ്ചാബിൽ നിർമ്മിച്ചതാണെന്നും പൊലീസ് പറയുന്നു. എന്നാൽ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടിയുടെ കൈകളിലെത്തിയത് എങ്ങനെയെന്ന കാര്യത്തിലാണ് അന്വേഷണം പ്രധാനമായും കേന്ദ്രീകരിക്കുന്നത്. തോക്ക് കൈകാര്യം ചെയ്യുന്നതിൽ കുട്ടിക്ക് സഹായം ലഭിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
അതേസമയം, സ്കൂളിലെ വെടിവെപ്പ് സംഭവത്തിൽ പരതൂർ ഹയർസെക്കൻഡറി സ്കൂൾ അധികൃതർക്കെതിരെയും വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഉണ്ടായേക്കും. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിശോധിക്കാനാണ് നീക്കം. സ്കൂൾ പരിസരത്ത് തോക്കുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവം വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. തോക്കിന്റെ ഉറവിടം, സുരക്ഷിതമായി സൂക്ഷിക്കുന്നതിലെ വീഴ്ച, കുട്ടിയുടെ കൈവശം അത് എത്തിയ സാഹചര്യം എന്നിവയിൽ കൂടുതൽ വ്യക്തത വരാനുണ്ട്.



