ഫെയർനസ് ക്രീം വിവാദം… മാർക്കറ്റിങ് ഓഫീസ് പൂട്ടി… ഉടമകൾ മുങ്ങി…

കാസർഗോഡ്: വിവാദ ഫെയർനസ് ക്രീം വിപണനവുമായി ബന്ധപ്പെട്ട് കാസർഗോഡ് കുമ്പളയിലെ മാർക്കറ്റിങ് ഓഫീസ് പൂട്ടി. ഡിഗ്മ മാർക്കറ്റിങ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് അടച്ചുപൂട്ടിയത്. ഓഫീസിലെ ഉപകരണങ്ങളും ബോർഡും ഉൾപ്പെടെയുള്ളവ നീക്കം ചെയ്തിട്ടുണ്ട്. മലപ്പുറത്ത് പരാതികൾ ഉയർന്നതിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ പൊലീസും ഡ്രഗ്സ് കൺട്രോൾ വിഭാഗവും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം.

നാല് ഷട്ടർ മുറികളുള്ള ഓഫീസാണ് അടച്ചിട്ടിരിക്കുന്നത്. സ്ത്രീകളായിരുന്നു ഇവിടെ ജീവനക്കാരിൽ ഏറെയും. എട്ടിലധികം പേർ ജോലി ചെയ്തിരുന്നുവെന്നും ടെലികോളർ ഓഫീസ് മാതൃകയിലായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനമെന്നുമാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഓഫീസിൽ പരസ്യമായി ഫെയ്സ് ക്രീം വിൽപന നടത്തിയിരുന്നില്ല. മലപ്പുറത്ത് പരാതി ഉയർന്നതിനു പിന്നാലെ സ്ഥാപനം പൂട്ടിയതിൽ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. കുമ്പള പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് സംശയിക്കുന്ന വ്യാജ ഫെയർനസ് ക്രീമായ എഫ് ട്യൂണിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡ്രഗ്സ് കൺട്രോളർ ആരോഗ്യവകുപ്പിന് കൈമാറി.

സൈബർ സെല്ലിന്റെ സഹായത്തോടെ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് നിർദേശം. വ്യാജ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികൾക്കിടയിൽ ബോധവത്കരണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ നിർബന്ധമായും ബില്ലുകൾ സൂക്ഷിക്കണമെന്നും ഡ്രഗ്സ് കൺട്രോളർ നിർദേശിച്ചു. എഫ് ട്യൂൺ ക്രീമിന്റെ ഉറവിടം കണ്ടെത്തുന്നതിനും വിപണന ശൃംഖലയെക്കുറിച്ച് വ്യക്തത വരുത്തുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

Related Articles

Back to top button