കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന മോഷണം… യുവതി ഉൾപ്പെടെ….

ഇരവിപുരം: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടകളിലെത്തി ഉടമകളുടെ ശ്രദ്ധ തിരിച്ച് പണം മോഷ്ടിക്കുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ റോസ് നഗർ അറുനൂറ്റിമംഗലം റിൻലാൽ ഭവനിൽ അമ്മു എന്നറിയപ്പെടുന്ന സിജ (26), ഷെമീർ, മൈലക്കാട് കല്ലുവിള വീട്ടിൽ അഖിൽ ഭാസി (24) എന്നിവരാണ് പിടിയിലായത്. തുടർച്ചയായ മോഷണങ്ങൾക്ക് ശേഷം ചവറയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികൾ പൊലീസ് പിടിയിലായത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി മോഷണക്കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. സംഘത്തിലെ മറ്റൊരു അംഗമായ ജോയലിനെ രണ്ട് ദിവസം മുൻപ് ചവറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബൈക്കിൽ കറങ്ങിനടന്ന് കടകൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ മോഷണം. ഒരാൾ ബൈക്കിൽ പുറത്ത് കാവൽ നിൽക്കും. മറ്റു രണ്ടുപേർ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയ്ക്കുള്ളിൽ പ്രവേശിക്കും. കടയുടമയുടെ ശ്രദ്ധ തിരിച്ചശേഷം കൗണ്ടറിലോ മേശയിലോ സൂക്ഷിച്ചിരിക്കുന്ന പണം കൈക്കലാക്കും. തുടർന്ന് ബൈക്കിൽ രക്ഷപ്പെടുന്നതായിരുന്നു സംഘത്തിന്റെ രീതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച സംഭവത്തിന് ശേഷമാണ് സംഘം ബെംഗളൂരുവിലേക്ക് കടന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.
ബെംഗളൂരുവിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം നാട്ടിലെത്തിയപ്പോഴാണ് പ്രതികൾ പിടിയിലായത്. മോഷണക്കേസുകൾക്ക് പുറമെ കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളിലും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരത്ത് മോഷണക്കേസിൽ പ്രതിയായ ഷെമീറിനെ തുടർനടപടികൾക്കായി തിരുവനന്തപുരം പൊലീസ് കൊണ്ടുപോയി. ഇരവിപുരം എസ്എച്ച്ഒ മുഹമ്മദ് ആഷിഖിന്റെ നേതൃത്വത്തിൽ എസ്ഐമാരായ മുബാറക്ക്, ബാബുക്കുട്ടൻ, സിപിഒമാരായ സജിൻ, അരുൺദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



