പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റ സംഭവം; സഹപാഠിയുടെ മാതാവിനെതിരെ..

പാലക്കാട് പരുതൂർ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിൽ കേസെടുത്ത് പോലീസ്. സഹപാഠിയുടെ മാതാവിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആയുധം കൈവശം വെച്ച സംഭവത്തിലാണ് കേസ്. പരുതൂർ സ്കൂളിലെ പ്രധാനാധ്യാപകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്നത് തദ്ദേശിയമായി നിര്‍മിച്ച നാടന്‍ റിവോള്വറെന്നും, ഇതിന് ലൈസൻസില്ലെന്നും പോലീസ് പറഞ്ഞു. വിദ്യാർഥിയുടെ മുത്തച്ഛൻ കാലങ്ങളായി ഉപയോഗിക്കുന്ന നാടൻ തോക്ക് സഹപാഠിയെ കാണിക്കാനായി സ്കൂളിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് കുട്ടി പോലീസിന് മൊഴി നൽകിയത്. വെടിയേറ്റ വിദ്യാര്‍ഥി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസിന്റെ അന്വേഷണം തുടരുന്നുണ്ട്.
ഇന്നലെ രാവിലെ 11 മണിയോടെ രണ്ടാം പിരീഡിലാണ് ക്ലാസ് മുറിയിൽ വെടി പൊട്ടിയത്. സഹപാഠികളെ കാണിക്കാൻ കുട്ടി സ്കൂളിലേക്ക് കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നുവെന്നാണ് വിവരം. ക്ലാസ് മുറിയിൽവെച്ച് വിദ്യാർഥികൾ തമ്മിൽ യാതൊരുവിധ തർക്കങ്ങളോ വഴക്കോ ഉണ്ടായിരുന്നില്ല. തോക്ക് കാണിച്ചുകൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നുവെന്നാണ് അധ്യാപകർ പറയുന്നത്.



