സ്കൂളിലെ വെടിവെപ്പ്… ക്ലാസ് മുറിയിൽ മൂന്ന് റൗണ്ട് വെടിയുതിർത്തു… തോക്ക്…

പാലക്കാട്: തൃത്താലയിൽ ക്ലാസ് മുറിയിൽ സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്യാർഥി സ്കൂളിലെത്തിച്ചത് മുത്തച്ഛന്റെ തോക്കാണെന്നാണ് മൊഴി. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. നാടൻ തോക്കാണ് കുട്ടി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഇന്റർവെല്ലിന് ശേഷം ക്ലാസ് ആരംഭിച്ച സമയത്താണ് വെടിവെപ്പുണ്ടായത്.
ക്ലാസ് മുറിയിൽ വെച്ച് സഹപാഠിക്ക് നേരെ വിദ്യാർഥി മൂന്ന് റൗണ്ട് വെടിയുതിർത്തു. ഇതിൽ രണ്ട് വെടിയുണ്ടകൾ ലക്ഷ്യം തെറ്റി. മൂന്നാമത്തെ വെടിയുണ്ടയാണ് സഹപാഠിയുടെ കൈയിൽ തറച്ചത്. തോളിനും കൈയ്ക്കും ഇടയിലായാണ് പരുക്കേറ്റത്. സംഭവസമയത്ത് ക്ലാസിൽ അധ്യാപകർ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പരുക്കേറ്റ വിദ്യാർഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ശരീരത്തിൽ തറച്ച വെടിയുണ്ടയുടെ എക്സ്റേ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



