സഹോദരിക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങി…. അഞ്ചാം ക്ലാസുകാരി മുങ്ങിമരിച്ചു….

കോട്ടയം: സഹോദരിക്കൊപ്പം വീടിനടുത്തുള്ള ആറ്റിൽ കുളിക്കാനിറങ്ങിയ പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം. മറിയപ്പള്ളി മുട്ടം കുരയ്ക്കാലാട്ടുചിറയിൽ വിനോദിന്റെയും സിനിയുടെയും മകൾ ദേവപ്രിയയാണ് കൊടൂരാറ്റിൽ മുങ്ങിമരിച്ചത്. നാട്ടകം ഗവ. വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. സഹോദരി ദേവനന്ദയ്ക്കൊപ്പം വീടിന് സമീപത്തെ ആറ്റുകടവിൽ കുളിക്കാനിറങ്ങിയതായിരുന്നു ദേവപ്രിയ. വസ്ത്രങ്ങൾ കഴുകുന്നതിനിടെ ആമ്പൽപ്പൂവ് പറിക്കാൻ ശ്രമിച്ച കുട്ടി പെട്ടെന്ന് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ദേവപ്രിയയെ കാണാതായതോടെ സഹോദരി നിലവിളിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ അമ്മ സിനി ആറ്റിലേക്ക് കയർ എറിഞ്ഞുനൽകി മകളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാർ ആറ്റിൽ തിരച്ചിൽ നടത്തി കുട്ടിയെ പുറത്തെടുത്തു. ഉടൻ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആമ്പൽവള്ളികളിൽ കാൽ കുരുങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ സംശയം. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. സഹോദരി ദേവനന്ദ.



