മദ്യപാനക്കേസ് മുതൽ സാമ്പത്തിക ആരോപണം വരെ… പള്ളിയിൽ വികാരിക്കെതിരെ…

തിരുവനന്തപുരം: പേട്ട സെന്റ് ആൻസ് പള്ളിയിൽ വികാരി ഫാദർ തിയോഡീഷസ് ഡിക്രൂസിനെതിരെ ഒരു വിഭാഗം വിശ്വാസികളുടെ പ്രതിഷേധം. പൊതുസ്ഥലത്ത് മദ്യപിച്ചതിന് വികാരിക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. വികാരിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ 15ന് രാത്രിയാണ് പൊതുസ്ഥലത്ത് മദ്യപിച്ചതുമായി ബന്ധപ്പെട്ട് വികാരിക്കെതിരെ പൊലീസ് കേസെടുത്തതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ബിസിസി കൗൺസിൽ തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനിടെ ലോർഡ്സ് ആശുപത്രിക്ക് സമീപം കാറിന്റെ ബോണറ്റിലിരുന്ന് മദ്യപിച്ചെന്നാണ് ആരോപണം. തുടർന്ന് പൊലീസ് പിന്തുടർന്നാണ് വികാരിയെ പിടികൂടിയതെന്നും വിശ്വാസികൾ ആരോപിക്കുന്നു. മദ്യപാനക്കേസിൽ പ്രതിയായ ഒരാൾക്ക് കുർബാന നടത്താനോ വിശ്വാസികൾക്ക് ഉപദേശം നൽകാനോ അർഹതയില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. വികാരിയെ സ്ഥാനത്തുനിന്ന് മാറ്റുകയോ പകരം മറ്റൊരു വൈദികനെ കുർബാന നടത്താൻ നിയോഗിക്കുകയോ ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ അറിയിച്ചു. അതേസമയം, വികാരിക്കെതിരായ ആരോപണങ്ങൾ വ്യക്തിവൈരാഗ്യത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. പള്ളിയിലെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുകയും കണക്കുകൾ ചോദിക്കുകയും ചെയ്തതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതെന്നും ഇവർ ആരോപിക്കുന്നു.



