നടൻ റോബിൻ വർഗീസ് അന്തരിച്ചു

പത്തനംതിട്ട: ജയരാജ് സംവിധാനം ചെയ്ത ‘ജോണി വാക്കർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ റോബിൻ വർഗീസ് അന്തരിച്ചു. ചിത്രത്തിൽ ഷെല്ലി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ റോബിൻ വർഗീസ് അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം.
മിമിക്രി രംഗത്തുനിന്നാണ് റോബിൻ വർഗീസ് കലാരംഗത്തേക്ക് എത്തിയത്. കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലെ അംഗമായിരുന്നു. പിന്നീട് സിനിമയിലും സാന്നിധ്യമറിയിച്ചു. ‘ജോണി വാക്കറി’ന് പുറമേ ‘സോളമന്റെ മണവാട്ടി സോഫിയ’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നിരവധി ഹ്രസ്വചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. ‘ജോണി വാക്കറി’ലെ ഷെല്ലി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ കലാകാരന്റെ വിയോഗം സിനിമാരംഗത്തിനും സുഹൃത്തുക്കൾക്കും തീരാനഷ്ടമാണ്.



