വ്യാജ പ്രചാരണങ്ങൾ തളർത്തിയില്ല… ഒരുമാസം കൊണ്ട് സമാഹരിച്ചത് 21.5 കോടി രൂപ

കോഴിക്കോട്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഒരുമാസം കൊണ്ട് സമാഹരിച്ചത് 21.5 കോടി രൂപ. കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് സഹോദരങ്ങളുടെ ചികിത്സയ്ക്കായി ഇതുവരെ 21,55,60,308 രൂപയാണ് അക്കൗണ്ടിലെത്തിയത്. അടുത്ത പത്ത് ദിവസത്തിനുള്ളിൽ 50 കോടി രൂപ സമാഹരിക്കുകയാണ് ചികിത്സാസഹായ കമ്മിറ്റിയുടെ ലക്ഷ്യം.

മൂന്ന് കുട്ടികളുടെയും ചികിത്സ ഒരുമിച്ച് ആരംഭിക്കാനാണ് കമ്മിറ്റിയുടെ ശ്രമം. ഇതിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈകോർത്താണ് വിപുലമായ ജനകീയ കമ്മിറ്റി രൂപീകരിച്ചത്. പ്രിയങ്ക ഗാന്ധി എം.പി., എം.കെ. രാഘവൻ എം.പി., എം.എൽ.എമാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, മുക്കം നഗരസഭാ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്. ചികിത്സയ്ക്ക് ആവശ്യമായ മരുന്നിന്റെ വില സംബന്ധിച്ച ഔദ്യോഗിക ക്വട്ടേഷൻ ഉടൻ ലഭ്യമാക്കുമെന്ന് കമ്മിറ്റി അറിയിച്ചു. എസ്.എം.എ. ചികിത്സയ്ക്കുള്ള ‘സോൾജെൻസ്മ’ (Zolgensma) ജീൻ തെറാപ്പി മരുന്നിന്റെ നിർമാതാക്കളായ നോവാർട്ടിസ് കമ്പനിയുടെ പ്രതിനിധികളുമായി കമ്മിറ്റി ചർച്ച നടത്തിയിട്ടുണ്ട്. മരുന്നിന്റെ വിലയിൽ പരമാവധി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

അതേസമയം, ധനസമാഹരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണവും നടന്നിരുന്നു. ചികിത്സയ്ക്കാവശ്യമായ 50 കോടി രൂപ ഇതിനകം ലഭിച്ചെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നും അവകാശപ്പെടുന്ന ഓഡിയോ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിച്ചതാണ് ഫണ്ട് സമാഹരണത്തിന് തിരിച്ചടിയായത്. സംഭവത്തിൽ ചികിത്സാസഹായ കമ്മിറ്റി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൂന്ന് കുരുന്നുകളുടെയും ചികിത്സ ഒരുമിച്ച് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ അവസാനഘട്ട ധനസമാഹരണം ഊർജിതമാക്കുകയാണ് കമ്മിറ്റി. നാടിന്റെ കൈത്താങ്ങിൽ 50 കോടി രൂപയുടെ ലക്ഷ്യം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും സഹായസമിതിയും.

Related Articles

Back to top button