ധനരാജ് വധക്കേസ്… 10 വർഷത്തോളമായ കേസിൽ വിധി നവംബർ…

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായിരുന്ന സിവി ധനരാജ് വധക്കേസിൽ നവംബർ 23ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. അന്തിമ വാദം പൂർത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്. 21 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ.
കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച കൊലപാതകമായിരുന്നു ധനരാജിന്റേത്. 2016 ജൂലൈ 11നാണ് സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സിവി ധനരാജിനെ വീട്ടിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ മൂന്ന് ബൈക്കുകളിലായി പിന്തുടർന്നെത്തിയ സംഘമാണ് ആക്രമിച്ചത്. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണെന്ന് കണ്ടെത്തിയിരുന്നു. കേസിൽ ആകെ 21 പ്രതികളാണുള്ളത്. ഇതിൽ പന്ത്രണ്ടാം പ്രതിയായ ചൂരക്കാട് ബിജു ഒരു വർഷത്തിന് ശേഷം കൊല്ലപ്പെട്ടു.
തളിപ്പറമ്പ് അഡീഷണൽ ജില്ലാ കോടതിയിലായിരുന്നു വിചാരണ നടപടികൾ. മുഴുവൻ പ്രതികളെയും കോടതി നേരിട്ട് ചോദ്യം ചെയ്തു. അന്തിമ വാദം കൂടി പൂർത്തിയായതോടെയാണ് വിധി പറയാനുള്ള തീയതി നിശ്ചയിച്ചത്. ധനരാജ് കൊല്ലപ്പെട്ട അതേ രാത്രി തന്നെ ബിജെപി പ്രവർത്തകനായിരുന്ന സികെ രാമചന്ദ്രനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പിന്നീട് ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട തിരിമറി ആരോപണങ്ങളും സിപിഎമ്മിനെതിരെ ഉയർന്നിരുന്നു.



