മെസ്സി തട്ടിപ്പ്… റിപ്പോർട്ടർ കമ്പനിക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കൊച്ചി: മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട ജിഎസ്ടി അന്വേഷണത്തിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി. അന്വേഷണ സംഘം നൽകിയ സമൻസിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചതോടെ വ്യാഴാഴ്ച കമ്പനിയുടെ പ്രതിനിധികൾ കൊല്ലം ജിഎസ്ടി ഇന്റലിജൻസ് യൂണിറ്റിന് മുന്നിൽ ഹാജരാകണം. സമൻസ് ചോദ്യം ചെയ്ത് നൽകിയ ഹർജി കോടതി തീർപ്പാക്കി.

25.78 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെ 56.32 കോടി രൂപ പിഴ ഒടുക്കാനും നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം, ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് പണം നൽകിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം നീണ്ടിട്ടുണ്ട്.

ഫോറെൻസിക് ഓഡിറ്റിങ്ങിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം. തട്ടിപ്പിലെ പ്രധാന പ്രതിയായ ആന്റോ അഗസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഫണ്ട് കൈമാറ്റങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. പണം വന്നതും പോയതുമായ വഴികൾ കണ്ടെത്തുന്നതിനൊപ്പം യഥാർത്ഥ ഗുണഭോക്താക്കൾ ആരെന്ന് തിരിച്ചറിയുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.

Related Articles

Back to top button