യുജിസി നെറ്റ് ഉത്തരസൂചികയിൽ പിഴവെന്ന് പരാതി… നാല് ചോദ്യങ്ങൾ പുനഃപരിശോധിക്കാൻ….

ഡൽഹി: യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചികയിലെ പിഴവുകൾ സംബന്ധിച്ച പരാതിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. നാല് ചോദ്യങ്ങളുടെ ഉത്തരങ്ങൾ പുനഃപരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരസൂചികയിലെ പിഴവുകൾ ഉദ്യോഗാർഥികളുടെ റാങ്കിനെയും യോഗ്യതയെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഒരു മാർക്കിന്റെ വ്യത്യാസം പോലും ഉദ്യോഗാർഥികളുടെ മെറിറ്റിലും റാങ്കിംഗിലും വലിയ മാറ്റമുണ്ടാക്കാം.

അതിനാൽ വിഷയത്തിൽ വേഗത്തിൽ പരിശോധന നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ജൂൺ 22 മുതൽ 30 വരെ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചികയിലാണ് പിഴവുണ്ടെന്ന ആരോപണം ഉയർന്നത്. ഏകദേശം 7,27,506 ഉദ്യോഗാർഥികളാണ് പരീക്ഷയെഴുതിയത്. ഓഗസ്റ്റിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ജസ്റ്റിസ് ജസ്മീത് സിംഗ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരസൂചിക പുനഃപരിശോധിക്കാൻ നിർദേശം നൽകിയത്. ഉത്തരസൂചികയുടെ അടിസ്ഥാനത്തിലാണ് പരീക്ഷയുടെ മാർക്ക് നിശ്ചയിക്കുന്നത് എന്നതിനാൽ വിഷയം ഉദ്യോഗാർഥികളുടെ മെറിറ്റിനെ നേരിട്ട് ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരസൂചികയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച അഞ്ച് ഹർജികളാണ് കോടതി പരിഗണിച്ചത്.

Related Articles

Back to top button