സുഹൈൽ അൻസാരി കേസിൽ പൊലീസിനെ വെട്ടിലാക്കി സിസിടിവി….

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണ കേസിൽ ഏനാത്ത് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ. യുവതിക്ക് ഭർത്താവിൽ നിന്ന് മർദ്ദനമേറ്റ വിവരം പൊലീസിന് നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കേസിന്റെ അന്വേഷണത്തിൽ ഏനാത്ത് പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഇതോടെ ശക്തമായി. പത്തനംതിട്ട കടമ്പനാട് സ്വദേശിയായ 35കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
യുവതിക്ക് മർദ്ദനമേറ്റ വിവരം സി.ഐ, എസ്.ഐയോട് സംസാരിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. 2026 ഫെബ്രുവരി 14ന് രാവിലെ 10.10നാണ് ഈ സംഭാഷണം നടന്നത്. യുവതിയുടെ ഫോൺ ഭർത്താവ് അനിൽകുമാർ എടുത്തുകൊണ്ടുപോയതായും സി.ഐ പറയുന്നുണ്ട്. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകൾ മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് സംഭവിച്ചതാണെന്നാണ് ഡോക്ടറുടെ റിപ്പോർട്ടിലുള്ളത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളുണ്ടായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഭർത്താവിനെതിരെ ആരോപണങ്ങൾ നിലനിൽക്കെ, കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരിയെയാണ് ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിനെയും അറസ്റ്റ് ചെയ്തു.
എട്ട് മാസം മുമ്പായിരുന്നു യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൈൽ അൻസാരിയുടെ അറസ്റ്റ്. പത്തനംതിട്ട കടമ്പനാട്ടെ സ്വകാര്യ സ്കൂളിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന യുവതിയെ ഫെബ്രുവരി 14ന് പുലർച്ചെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ സ്കൂളിൽ സുഹൈൽ അൻസാരിയുടെ സഹപ്രവർത്തകയായിരുന്നു യുവതി. യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറി കുറിപ്പുകളിലും സുഹൈൽ അൻസാരിയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ടായിരുന്നു.



