ബോർഡ് കോർപ്പറേഷൻ പദവികളിലേക്ക് ലീഗ് നേതാക്കൾ… പി.എം.എ. സലാം സിൽക്ക് ചെയർമാനാകും

തിരുവനന്തപുരം: ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളിലേക്ക് മുസ്ലിംലീഗ് നേതാക്കളുടെ നിയമനം ഇന്ന് ഉണ്ടായേക്കും. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷനുകളിലെ ചെയർമാൻ സ്ഥാനങ്ങളിലേക്കാണ് തീരുമാനമായിരിക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സിൽക്കിന്റെ ചെയർമാനാകും. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദർ ഇൻകെലിന്റെ ചെയർമാനായും മറ്റൊരു വൈസ് പ്രസിഡന്റ് ടി.എം. സലീം കെ.എ.എൽ ചെയർമാനായും നിയമിതരാകും. സിഡ്കോ ചെയർമാനായി ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ചുമതലയേൽക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദിനും ഒരു ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിക്കും. വയനാട് ജില്ലാ ഭാരവാഹിയായ യഹിയ ഖാനെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ചെയർമാനായി നേരത്തെ തീരുമാനിച്ചിരുന്നു. അദ്ദേഹം ഇന്ന് ചുമതലയേൽക്കും. വ്യവസായ വകുപ്പിന് കീഴിലുള്ള ചെയർമാൻമാരുടെ നിയമന ഉത്തരവും ഇന്ന് പുറത്തിറങ്ങുമെന്നാണ് വിവരം. നിയമനങ്ങളെച്ചൊല്ലി പാർട്ടിക്കുള്ളിൽ അതൃപ്തി നിലനിന്നിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തേതിന് സമാനമായ രീതിയിലാണ് ഇത്തവണയും മുസ്ലിംലീഗിന് ബോർഡ് കോർപ്പറേഷൻ പദവികളിലെ നിയമനങ്ങൾ ലഭിക്കുന്നത്. ഇതനുസരിച്ച് 35-ലധികം ചെയർപേഴ്‌സൺ സ്ഥാനങ്ങൾ ലീഗിന് ലഭിക്കുമെന്നാണ് കണക്ക്. യുഡിഎഫ് വിട്ട പാർട്ടികൾക്ക് നേരത്തെ നൽകിയിരുന്ന സ്ഥാനങ്ങളുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നാണ് മുന്നണിയിലെ ധാരണ. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി ഡോ. എം.കെ. മുനീറിനെ നേരത്തെ നിയമിച്ചിരുന്നു. മറ്റ് നിയമനങ്ങളിൽ യൂത്ത് ലീഗ്, വനിതാ ലീഗ് തുടങ്ങിയ പോഷക സംഘടനകൾക്ക് അർഹമായ പരിഗണന ലഭിക്കുമെന്നാണ് സൂചന.

Related Articles

Back to top button